കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തിയെങ്കിലും ലിവർപൂളിന് സംബന്ധിച്ച് ഈ സീസണിൽ അവർക്ക് ഇനിയും മെച്ചപ്പെടാനേറെയുണ്ട്. നിലവിൽ 25 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായായി ലിവർപൂൾ പോയ്ന്റ്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരാണ്.
ചാമ്പ്യൻസ് ലീഗ് യോഗ്യത അവർക്കിനിയും ഉറപ്പിക്കാനായിട്ടില്ല. അതിനാൽ തന്നെ ക്ലബ്ബിൽ വലിയ മാറ്റങ്ങൾ നടത്താൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ട്. അടുത്ത സീസണ് മുന്നോടിയായി ചില താരങ്ങളെ റിലീസ് ചെയ്ത് പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാനാണ് ലിവർപൂൾ പദ്ധതിയിടുന്നത്.
മധ്യനിര താരം നാബി കീറ്റ, അലക്സ് ഓക്സ്ലാടെ ചെമ്പർലൈൻ എന്നിവരെ സീസൺ അവസാനം റിലീസ് ചെയ്യാനാണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഇരുവരും സീസൺ അവസാനത്തോടെ ഫ്രീ ഏജന്റ് ആയി മാറും. ഇരുവരെ കൂടാതെ മുന്നേറ്റ നിര താരം ഫിർമിനോയെയും റിലീസ് ചെയ്യാനാണ് ലിവർപൂളിന്റെ പ്ലാൻ.
കൂടാതെ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്നും ലോൺ അടിസ്ഥാനത്തിലെത്തിയ ആർതർ മെലോയെയും ക്ലബ് സീസൺ അവസാനം തിരിച്ചയ്ക്കും. ഇവർക്ക് പകരം പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കാനാണ് ലിവർപൂളിന്റെ തീരുമാനം.
ക്ലബ് റിലീസ് ചെയ്യുന്നവരിൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം ഫിർമിനോയാണ്. 2015 മുതൽ ലിവർപൂളിന്റെ ഭാഗമായിരുന്നു ഈ ബ്രസീലിയൻ. ക്ലബ്ബിനായി ഇതിനോടകം 78 ഗോളുകൾ ഫിർമിനോ നേടുകയും ചെയ്തു. അതിനാൽ ഫിർമിനോ ക്ലബ് വിടുന്നത് ആരാധകരെ നിരാശയിലാഴ്ത്തും.