ഐഎസ്എൽ പ്രായം കഴിഞ്ഞ വിദേശതാരങ്ങളുടെ തട്ടകമാണ് എന്ന വിമർശനം ലീഗിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. കാരണം അന്ന് ഐഎസ്എൽ കളിക്കാനെത്തുന്നത് അത്തരത്തിൽ കരിയർ അവസാനിക്കാറായ വിദേശതാരങ്ങളായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല യുവവിദേശതാരങ്ങളെ തന്നെ ടീമിലെത്തിക്കാൻ ഐഎസ്എൽ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ ഐഎസ്എല്ലിലെ പ്രകടനം മൂലം ഒരു വിദേശതാരത്തിന് ദേശീയ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്. എഫ്സി ഗോവയുടെ സിറിയൻ സെന്റർ ബാക്ക് ഫരേസ് അർനോട്ടിനാണ് ഐഎസ്എല്ലിലെ പ്രകടനം കണക്കിലെടുത്ത് ദേശീയ ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്.
യുഎഇ, ബഹ്‌റൈൻ എന്നീ ടീമുകൾക്കെതിരായ സൗഹൃദമത്സരത്തിനുള്ള സിറിയൻ സ്‌ക്വാഡിലാണ് ഫരേസ് ഇടം പിടിച്ചത്.26 കാരനായ താരം ഏഷ്യൻ സ്ലോട്ടിലാണ് എഫ്സി ഗോവയിലേക്കെത്തുന്നത്. സീസന്റെ തുടക്കത്തിൽ ഗോവയുടെ ആദ്യഇലവനിൽ സ്ഥാനംപിടിക്കാൻ ഫരേസിന് സാധിച്ചിരുന്നില്ല.
മാർക്ക് വലിയെന്റെ ആയിരുന്നു എഫ്സി ഗോവയുടെ സ്റ്റാർട്ടിങ് ഇലവനിൽ സെന്റർ ബാക്ക്. വലിയെന്റെയ്‌ക്കേറ്റ പരിക്ക് മൂലമാണ് ഫരേസിന് ആദ്യ ഇലവനിൽ സ്ഥാനം കിട്ടുന്നത്. ആദ്യഇലവനിൽ സ്ഥാനം ലഭിച്ച താരം മികച്ച പ്രകടനമാണ് പിന്നീട് നടത്തിയത്. ഈ പ്രകടനമാണ് അദ്ദേഹത്തെ വീണ്ടും ദേശീയ ടീമിലേക്ക് എത്തിച്ചത്.
ഐഎസ്എല്ലിൽ കളിക്കുന്ന താരങ്ങൾക്ക് ഐഎസ്എല്ലിലെ പ്രകടനം കണക്കിലെടുത്ത് ദേശീയ ടീമിൽ അവസരം ലഭിക്കുന്നത് വിദേശതാരങ്ങൾക്ക് ഈ ലീഗിൽ കളിയ്ക്കാൻ കൂടുതൽ ആവേശം നൽകുമെന്നുറപ്പാണ്.