ജീക്സൺ സിങ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോയതിന്റെ വിടവ് ഇത് വരെ ബ്ലാസ്റ്റേഴ്സിന് നികത്തനായിട്ടില്ല. യുവതാരം ഫ്രഡി പുരോഗമിച്ച് വരുന്നുണ്ടെങ്കിലും ജീക്സന്റെ കൃത്യമായ പകരക്കാരൻ എന്ന നിലയിലേക്ക് താരം വളർന്നിട്ടില്ല. ജീക്സൺ സിംഗിന്റെ പകരക്കാരന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെങ്കിൽ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഒരു യുവതാരത്തെ സ്വന്തമാക്കാനുള്ള സുവർണാവസരം വന്നിരിക്കുകയാണ്.
2022-23 സീസൺ ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയ ചെന്നൈയിൻ എഫ്സിയുടെ ജിതേഷ്വർ സിങ് നിലവിൽ അവസരം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ഈ സീസണിൽ ആകെ 10 മിനുട്ട് മാത്രമാണ് താരത്തിന് കളിക്കാനായത്. ഡിഫൻസീവ് മിഡ്ഫീൽഡിൽ എൽസിഞ്ഞോ എന്ന ബ്രസീലിയൻ താരത്തെ ചെന്നൈയിൻ എഫ്സി പരിശീലകൻ ഓവൻ കോയിൽ കൂടുതലായും ആശ്രയിക്കുന്നതാണ് ജിതേഷ്വറിന് അവസരം കുറയാൻ കാരണം. കൂടാതെ മറ്റൊരു പ്രധാന ഘടകം കൂടി താരത്തെ സ്വന്തക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്.
2025 ലാണ് ജിതേഷ്വറിന് ചെന്നൈയിൻ എഫ്സിയുമായുള്ള കരാർ അവസാനിക്കുന്നത്. അതായത് ഈ സീസണോട് കൂടി താരത്തിന് ചെന്നൈയിനിൽ കരാർ അവസാനിക്കും. താരം ഇത് വരെ ചെന്നൈയിനുമായി പുതിയ കരാറിൽ എത്തിയിട്ടില്ല. അതിനാൽ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാനോ, പ്രീ കോൺട്രാക്ടിൽ സൈൻ ചെയ്യിപ്പിക്കാനോ സാധിക്കും.
22 കാരനായ ജിതേഷ്വർ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ്. നിലവിൽ ഓവൻ കോയിലിന്റെ കളി ശൈലിയിൽ എൽസിഞ്ഞോയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് കൊണ്ട് മാത്രമാണ് ജിതേഷ്വറിന് അവസരം ലഭിക്കാത്തത്. അതിനാൽ ബ്ലാസ്റ്റേഴ്‌സ് പ്ലെയിങ് ടൈം വാഗ്ദാനം ചെയ്‌താൽ തീർച്ചയായും സ്വന്തമാക്കാൻ കഴിയുന്ന താരമാണ് ജിതേഷ്വർ.
ഇനി, ഇതിലെ പ്രധാന കടമ്പ, താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കണം എന്നത് മാത്രമാണ്. ശ്രമിച്ചാൽ സ്വന്തമാക്കാൻ കഴിയുന്ന എല്ലാ സാഹചര്യവും ബ്ലാസ്റ്റേഴ്സിനുണ്ടെങ്കിലും അവസരം ഉപയോഗിക്കേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ മാത്രം തീരുമാനമാണ്.