സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്സിയെ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീം തങ്ങളുടെ ഫോം വീണ്ടെടുക്കുകയാണ്. ഒരു ഗോളിന് പിന്നിലായിട്ടും തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി 2-1 സ്കോറിനു വിജയം നേടി.
കൊച്ചി സ്റ്റേഡിയത്തിലെ ഈ വിജയത്തോടെ ഒരു ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഏറ്റവും കൂടുതൽ വിജയങ്ങൾ (10) എന്ന റെക്കോർഡ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.
ഇതിനൊപ്പം തന്നെ മറ്റൊരു കിടിലൻ റെക്കോർഡ് കൂടി കേരള ബ്ലാസ്റ്റേഴ്‌സ് ഈ മത്സരവിജയത്തോടെ സ്വന്തമാക്കി. ഒരു ഐഎസ്എൽ സീസണിൽ ഹോം സ്റ്റേഡിയത്തിൽ നേടുന്ന ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡാണ് ബ്ലാസ്റ്റേഴ്‌സ് 7 ഹോം വിജയത്തോടെ സ്വന്തമാക്കിയത്.
സീസണിൽ 9 തവണ കലൂർ സ്റ്റേഡിയത്തിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി എന്നീ ടീമുകളോട് മാത്രമാണ് പരാജയം രുചിച്ചത്, ബാക്കി 7 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.
ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിൽ വെച്ച് നേരിടുന്നത് നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെയാണ്. നിലവിൽ പ്ലേഓഫ് യോഗ്യതക്കരികെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.