മോണ്ടിനെഗ്രെനിയൻ താരം സ്റ്റീവൻ ജോവേറ്റിക് ഇന്ത്യയിൽ നിന്നുള്ള ഓഫർ തള്ളിയതായി മോണ്ടിനെഗ്രെനിയൻ മാധ്യമമായ സിജി ഫുട്ബോൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സണെന്നും ബ്ലാസ്റ്റേഴ്സിന്റെ ഓഫറാണ് താരം തള്ളിയതെന്നും മറ്റു പല റിപോർട്ടുകൾ ചേർത്ത് വായിക്കുമ്പോൾ നമ്മുക്ക് മനസിലാക്കാൻ സാധിക്കും. എന്നാൽ ഇതിനിടയിൽ മറ്റൊരു വമ്പൻ ക്ലബ്ബിന്റെ ഇടപെടൽ കൂടി നടന്നതായി സിജി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കരാർ താരം തള്ളിയതോടെ താരത്തിന് മുന്നിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു മികച്ച ഓഫർ കൂടി വെച്ചിട്ടുണ്ട്. നേരത്തെ നൽകിയ ഓഫറിനേക്കാൾ മെച്ചപ്പെട്ടതും ഒന്നിലധികം വർഷം വ്യവസ്ഥയുള്ളതുമായ മറ്റൊരു കരാറാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്. അതിനാൽ ജൊവേറ്റിക്ക് സാഗ പൂർണമായും അവസാനിച്ചു എന്ന് പറയാനാവില്ല.
ഇതിനിടയിൽ താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഇറ്റാലിയൻ സീരി എ ക്ലബ് ജിനോവ രംഗത്ത് വന്നതായും സിജി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജിനോവയുടെ ഈ താൽപര്യം ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
കാരണം ബ്ലാസ്റ്റേഴ്സിനെക്കാൾ എത്രയോ മികച്ചതും വലുതുമായ ക്ലബാണ് ജിനോവ. കൂടാതെ ടോപ് ഫൈവ് ലീഗിൽ മത്സരിക്കുന്ന ക്ലബ് കൂടിയാണ് ജിനോവ എന്നത് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകുന്നുണ്ട്.
ജിനോവയ്ക്ക് താരത്തെ താൽപര്യമുണ്ടെങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്ന അവസരം ജിനോവയിൽ ലഭിക്കാൻ സാധ്യതയില്ല. കാരണം ജിനോവ ആദ്യ ഓപ്‌ഷൻ സ്‌ട്രൈക്കർ ആയിട്ടായിരിക്കില്ല ജോവേറ്റികിനെ കാണുന്നത്. എങ്കിലും യൂറോപ്പിൽ കളിച്ച് മികച്ച പ്രകടനം പുറത്തെടുത്താൽ താരത്തിന്റെ കരിയർ ഗ്രാഫിനെ തന്നെ അത് മാറ്റിമറിക്കും. അതിനാൽ എന്ത് തീരുമാനമെടുക്കണം എന്നത് താരത്തിന്റെ വ്യക്തി താൽപര്യമാണ്.