ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയം നേടി ഉജ്ജ്വലമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. പോളണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ . പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കാനിരിക്കെ ലോകകപ്പിലെ പ്രീക്വാർട്ടർ ഫിക്സറിനെ വിമർശിച്ചുകൊണ്ട് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി രംഗത്തെത്തിയിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടം അവസാനിച്ച് വെറും 72 മണിക്കൂറിനകം വീണ്ടും കളിക്കേണ്ടി വരുന്നത് ശരിയായ തീരുമാനമല്ല എന്നാണ് അർജന്റീന പരിശീലകന്റെ വിമർശനം. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച അർജന്റീനയ്ക്ക് ഇനി ശനിയാഴ്ച രാത്രിയാണ് പ്രീക്വാർട്ടർ മത്സരം കളിക്കേണ്ടത്.
ഞങ്ങൾ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പ്രീക്വാർട്ടറിലെത്തുന്നത്.എന്നിട്ടും രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും കളിക്കുന്നത് ഒട്ടും ശരിയായ തീരുമാനമല്ലായെന്ന് താൻ കരുതുന്നതായി സ്കലോണി പറഞ്ഞു. ഫിക്സർ ഇത്തരത്തിൽ വരാനുള്ള കാരണം എന്ത് കൊണ്ടാണ് എന്ന് തനിക്ക് മനസ്സിലാവുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളണ്ടിനെതിരായുള്ള മത്സരം കഴിയുമ്പോൾ സമയം പുലർച്ചെ ഒരു മണിയോട് അടുത്തിരുന്നു. ഇനി വ്യാഴാഴ്ച മാത്രമാണ് ഞങ്ങൾക്ക് നല്ലൊരു ഒരുക്കം നടത്താൻ കഴിയുന്നത്. ഇത് നല്ല അവസ്ഥയല്ലായെന്നും എല്ലാവർക്കും ഒരുപോലെയാവണം കാര്യങ്ങളെന്നും അർജന്റീന പരിശീലകൻ കൂടിച്ചേർത്തു.
അതെ സമയം ആദ്യ മത്സരത്തിലേറ്റ പരാജയം അർജന്റീയക്ക് മേൽ വലിയ വിമർശനവും പ്രതിഷേധവും ഉണ്ടാവാൻ കാരണമായിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ മറികടന്ന് കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീ ക്വാർട്ടറിൽ എത്താനായി എന്നത് അർജന്റീനയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്