in

സിറാജും വിഹാരിയും പുറത്ത്, കോലി തിരികെ എത്തുന്നു, നാലാം പേസർ ആവാൻ ഇഷാന്ത്?

സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം നാളെ കേപ്ടൗണിൽ ആരംഭിക്കും. രണ്ടാം മത്സരം പുറംവേദന കാരണം നഷ്ടമായ ക്യാപ്റ്റൻ വിരാട് കോലി നാളെ തിരിച്ചെത്തും. കോലി ടീമിലേക്ക് വരുമ്പോൾ പുറത്തു പോവുക ഹനുമ വിഹാരി തന്നെയാവും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടീമിലെ പ്രധാനപ്പെട്ട മാറ്റം രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് സിറാജ് പുറത്തായി എന്നതാണ്. സിറാജിന് പകരക്കാരൻ ആയി ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നീ സീനിയർ പേസർമാരിൽ ഒരാൾ ടീമിലേക്ക് എത്തും.

കേപ്ടൗണിൽ ഇന്ത്യ ഇതുവരെ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടില്ല. ഈ മത്സരം ജയിച്ചാൽ സൗത്ത് ആഫ്രിക്കൻ മണ്ണിൽ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര എന്ന സുവർണ നേട്ടമാണ് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. ഇന്ത്യക്ക് ബലികേറാ മല ആയിരുന്ന സെഞ്ചൂറിയനിൽ ആധികാരിക വിജയം നേടിയ ടീം ഇന്ത്യ അജയ്യരായി തുടർന്നിരുന്ന ജോഹന്നാസ് ബർഗിൽ തോൽവി വഴങ്ങിയിരുന്നു. വിരാട് കോലിയിലെ ക്യാപ്റ്റൻ തിരികെ എത്തുമ്പോൾ കേപ്ടൗണിന്റെ കോട്ടയും തകർക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹനുമ വിഹാരിയെ പുറത്താക്കുന്നത് നീതികേടാണ്. പക്ഷേ രഹാനെ, പുജാര എന്നീ സീനിയർസിൽ ഒരാളെ പുറത്ത് ഇരുത്തുന്നതിലും എളുപ്പം വിഹാരിയെ പുറത്താക്കുന്നത് തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ലഭിച്ച അവസരം മോശമല്ലാത്ത രീതിയില്‍ വിഹാരി മുതലാക്കി. ആദ്യ ഇന്നിങ്സിൽ 20 ഉം രണ്ടാം ഇന്നിങ്സിൽ 40 ഉം റൺസ് നേടിയാണ് വിഹാരി പുറത്തായത്. അതേ സമയം സീനിയർസും കഴിഞ്ഞ മത്സരത്തിൽ ഫോം വീണ്ടെടുന്നു എന്ന് തോന്നിച്ചു. ആദ്യ ഇന്നിങ്സിൽ 3,0 എന്നിങ്ങനെ യഥാക്രമം നേടിയ പുജാര, രഹാനെ എന്നിവർ രണ്ടാം ഇന്നിങ്സിൽ മികച്ച കൂട്ടുകെട്ട് കണ്ടെത്തി, പുജാര 53 റൺസും രഹാനെ 58 റൺസും നേടി 111 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്!

പരിക്കേറ്റ സിറാജ് കഴിഞ്ഞ ടെസ്റ്റിൽ ഉടനീളം 16 ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ഇത് ഒരുപക്ഷേ ടീമിന്റെ പ്രകടനത്തെയും സാരമായി തന്നെ ബാധിച്ചു. സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കണ്ടെത്താനാവാതെ ഇന്ത്യ കഷ്ടപ്പെട്ടു. പകരക്കാരനായി എത്താൻ സാധ്യതയുള്ള ഇഷാന്ത് കഴിഞ്ഞ വർഷം എട്ട് മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകൾ മാത്രമാണ് നേടിയത്, ഇന്ത്യയുടെ തലമുതിർന്ന പേസർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അവസാന കാലം ആണെന്ന് പലരും പ്രവചനം നടത്തിയിട്ടുമുണ്ട്. 2018, 19 വർഷങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ഇഷാന്ത് കഴിഞ്ഞ വർഷം വീണ്ടും ആവറേജ് പ്രകടനങ്ങളിലേക്ക് വീണു.

മറ്റൊരു സാധ്യതയായ ഉമേഷ് യാദവ് കഴിഞ്ഞ വർഷം കളിച്ചത് വെറും 3 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ്. എവേ മത്സരങ്ങളിൽ കൂടുതല്‍ ഹോം സാഹചര്യങ്ങളിൽ മികവ് പുലർത്തുന്ന ബൗളർ ആയ ഉമേഷിന് ആ ഇമേജ് ഇവിടെ സിലക്ഷന് ഗുണം ചെയ്യില്ല. എന്തായാലും നാളെ ആരംഭിക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞ് ഒന്നും വിരാട് കോലി പ്രതീക്ഷിക്കുന്നുണ്ടാവില്ല. കേപ്ടൗണിലെ ന്യൂലാന്റ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രണ്ടിന് ആരംഭിക്കും.

ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ! അഹമ്മദാബാദിനെ ‘ലോക്കൽ ബോയ്’ ഹാർദിക് നയിക്കും!

അന്ന് ബ്ലാസ്റ്റേഴ്സ് മുംബൈയുടെ അടിവേരറക്കുകയായിരുന്നു, ഇവാൻ കാണിച്ചു കൊടുത്ത മർമം നോക്കിയാണ് ഇപ്പോൾ മറ്റു ക്ലബ്ബുകൾ അവരെ അടിക്കുന്നത്.