സംഭവം സ്പാനിഷ് ക്ലബാണെങ്കിലും ടീമിൽ കൂടുതലുമുള്ളത് അർജന്റീനൻ താരങ്ങളാണ്. പറഞ്ഞ് വരുന്നത് സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിനെ പറ്റിയാണ്. അത്ലറ്റികോയുടെ സീനിയർ ടീമിൽ 6 അർജന്റീനൻ താരങ്ങളാണുള്ളത്. ഈ ടീമിൽ ആകെ 7 സ്പാനിഷ് താരങ്ങൾ മാത്രേയുള്ളൂ എന്ന് പറഞ്ഞാലേ അത്ലറ്റികോ മാഡ്രിഡിലെ അർജന്റീനൻ സ്വാധീനം നമ്മുക്ക് മനസിലാക്കാനാവും. എന്നാൽ ഇത് കൊണ്ടൊന്നും തീരുന്നില്ല, മറ്റൊരു അർജന്റീനക്കാരനെ കൂടി ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് അത്ലറ്റികോയുടെ അർജന്റീനിയൻ പരിശീലകനായ സിമിയോണി.
പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 കാരനായ വിങ്ങർ അലജാൻഡ്രോ ഗാർനാച്ചോയെ സ്വന്തമാക്കാനാണ് സിമിയോണിയുടെ ശ്രമം. 2020 ൽ അത്ലറ്റികോ മാഡ്രിഡിന്റെ യൂത്ത് ടീമിൽ നിന്നാണ് ഗാർനാച്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഡ്രിഡ് നൽകിയത്. ആ താരത്തെ വീണ്ടും തിരികെയെത്തിക്കാനാണ് സിമിയോണിയുടെ ശ്രമം.
മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 2022 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ഗാർനാച്ചോ ഇത് വരെ അവർക്കായി 68 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അർജന്റീനൻ ദേശീയ ടീമിനായും താരം ഏഴ് തവണ ബൂട്ട്കെട്ടിയിട്ടുണ്ട്.
ഇതിനോടകം മിനി അർജന്റീന എന്ന് വിശേഷണമുള്ള അത്ലറ്റികോയുടെ മടയിലേക്ക് ഗാർനാച്ചോ കൂടി എത്തിയാൽ മിനി അർജന്റീന എന്ന വിളിപ്പേരിന്റെ ശക്തി വർധിക്കും. കൂടാതെ അർജന്റീന താരങ്ങൾ ഒരു ക്ലബ്ബിനായി കളിക്കുന്നത് ദേശീയ ടീമിനെയും സഹായിക്കും.
ഗോൾ കീപ്പർ ജുവാൻ മുസോ, റോഡ്രിഗോ ഡി പോൾ,ഏയ്ഞ്ചൽ കൊറിയ, നഹുവിൽ മോളിന, ജൂലിയൻ അൽവാരസ്, ഗുലിയാനോ സിമിയോണി എന്നീ ആറ് അർജന്റീനൻ താരങ്ങളാണ് നിലവിൽ അത്ലറ്റികോ മാഡ്രിഡിനായി കളിക്കുന്ന അർജന്റീന താരങ്ങൾ.