തുടർച്ചയായ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിക്കുകയുണ്ടായി. എന്നാൽ രണ്ട് കളിയിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വ്യക്തിഗത പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് പരാജയം സമ്മാനിച്ചത്. ഫോർമേഷനല്ല, ഫോര്മേഷന് പറ്റിയ താരങ്ങൾ ഇല്ലാത്തതാണ് നിലവിൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട്. എന്നത് സ്റ്റാറെയ്ക്ക് മാത്രമല്ല, നേരത്തെ രണ്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകർക്കും സമാന അനുഭവം ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടായിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം..
2020-21 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച സ്പാനിഷ് പരിശീലകൻ കിബു വികൂനയാണ് ആദ്യത്തെ പരിശീലകൻ. അതിന് തൊട്ട് മുമ്പുള്ള ഐ ലീഗ് സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കായതിന് ശേഷമാണ് കിബു ബ്ലാസ്റ്റേഴ്സിൽ ദൗത്യം ഏറ്റെടുക്കുന്നത്.
ഐ ലീഗിൽ ഏറെ ശ്രദ്ധ നേടിയ ‘കിബു ബോൾ’ എന്ന തന്ത്രവുമായി ബ്ലാസ്റ്റേഴ്സിൽ എത്തിയ വികൂനയ്ക്ക് ആ പദ്ധതി ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല. അതിന് അനുയോജ്യരായ താരങ്ങളില്ലാത്തതും ആ സീസണിലെ പ്രതിരോധത്തിലെ പരിക്കും വികൂനയ്ക്ക് വെല്ലുവിളിയായി.18 മത്സരങ്ങൾ പരിശീലിപ്പിച്ച വികൂനയ്ക്ക് ആകെ 3 ജയങ്ങൾ മാത്രമാണ് നേടാൻ ആയത്. തുടർന്ന് സീസൺ പൂർത്തിയാകും മുമ്പെ സ്പാനിഷ് പരിശീലകൻ ക്ലബ് വിടുകയും ചെയ്തു.
2019-20 സീസണിൽ പരിശീലകനായെത്തിയ എൽക്കോ ഷെറ്റോറിയാണ് രണ്ടാമത്തെ പരിശീലകൻ. തൊട്ട് മുമ്പുള്ള സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി സെമിയിൽ എത്തിച്ച ഷെറ്റോറിയ്ക്ക് തന്റെ ശൈലിക്ക് അനുയോജ്യമായ താരങ്ങളെ കിട്ടിയില്ല എന്ന് മാത്രമല്ല, ടീമിലെ പരിക്കും വില്ലനായി. സീസണിന്റെ അവസാന സമയങ്ങളിൽ ഷെറ്റോറിയുടെ ഫോർമേഷൻ ബ്ലാസ്റ്റേഴ്സിൽ പ്രായോഗികമായി തുടങ്ങിയെങ്കിലും അടുത്ത സീസണിലേക്ക് ഷെറ്റോറിയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയില്ല എന്നതാണ് ക്ലബ് സ്വീകരിച്ച മോശം നടപടികളിൽ ഒന്ന്.
ചുരുക്കി പറഞ്ഞാൽ മികച്ച പരിശീലകർ എത്തിയിട്ടും അവർക്ക് തിളങ്ങാനാവാതെ പോയത് മാനേജമെന്റ് അവർക്കാവശ്യമായി താരങ്ങളെ എത്തിക്കാത്തത് കൊണ്ടാണ്. ഞങ്ങൾ തരുന്ന താരങ്ങളെ കൊണ്ട് ഫോർമേഷൻ ഉണ്ടാക്കി കളി ജയിപ്പിക്കണം എന്നതാണ് മാനേജ്‌മെന്റിന്റെ രീതി. ആ രീതിയോട് ഒത്ത് പോയ ഏക പരിശീലകൻ ഇവാൻ വുകമനോവിച്ചാണ്. അതിനാൽ ഇവാൻ 3 സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുകയും ചെയ്തു.