കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം പോരാട്ടത്തിന് വ്യാഴഴ്ച ഇറങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. എന്നാൽ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണങ്ങൾ അത്ര തൃപ്തികരമല്ല. ഒരു ബഹിഷ്‌കരണത്തിന് ആരാധകർ തയാറെടുക്കുന്നുവോ എന്ന സൂചനയാണ് പുതിയ പ്രതികരണങ്ങൾ നൽകുന്നത്.
വ്യാഴാഴ്ച്ചത്തെ മത്സരത്തിനായുള്ള ടിക്കറ്റുകൾക്കായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആരാധകരുടെ തണുപ്പൻ പ്രതികരണമാണ് പോസ്റ്റിന് താഴെ കാണാൻ സാധിക്കുന്നത്.
ടിക്കറ്റെടുത്ത് ടീമിന്റെ മോശം കളിയാണോ കാണേണ്ടതെന്നും പരാജയപ്പെടുന്നത് കാണാൻ ആഗ്രഹമില്ല എന്നതാണ് കമന്റുകളിൽ ഭൂരിഭാഗം ആളുകളും പറയുന്നത്. ടിക്കറ്റ് എടുത്ത് സമയം കളയാൻ ഇല്ലെന്നും ടിവിയിൽ ഫ്രീയായി കാണുമെന്നുമാണ് ആരാധകർ കുറിക്കുന്നത്. തുടർ പരാജയങ്ങളിൽ ആരാധകർ ബഹിഷ്‌കരണത്തിന് ഒരുങ്ങുന്നു എന്ന സൂചനകൾ തന്നെയാണ് ആരാധകർ വെളിപ്പെടുത്തുന്നത്.
ക്ലബ്ബിന്റെ മോശം സമയത്തും ആരാധകർ ക്ലബിനൊപ്പം നിൽക്കേണ്ടത് ആവശ്യമാണ്. എന്നാൽ ആരാധകരുടെ ഈ കമന്റുകൾക്ക് കാരണം ടീമിനോടുള്ള വിയോജിപ്പല്ല, മറിച്ച് ടീം മാനേജ്‌മെന്റിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.
അതേ സമയം ഹൈദരബാദിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകരെ പിടിച്ച് നിർത്താൻ കൊമ്പന്മാർക്ക് വിജയം അനിവാര്യമാണ്. അതേ സമയം സീസൺ തുടക്കത്തിൽ ദുർബലമായിരുന്ന ഹൈദരാബാദ് നിലവിൽ ശക്തി പ്രാപിച്ച് വരികയാണ്.