നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഒന്നിലധികം താരങ്ങൾക്ക് പരിക്കും ഫിറ്റനസ്സ് പ്രശ്‍നങ്ങളുമുണ്ട്. ഫിറ്റനസ്സ് പ്രശ്‌നം കാരണം പ്രധാന താരങ്ങളായ ഇഷാൻ പണ്ഡിത, പ്രഭീർ ദാസ്, ബ്രൈസ് മിറാൻഡ, അമാവിയ തുടങ്ങിയ താരങ്ങൾക്ക് ഇത് വരെ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ സച്ചിൻ സുരേഷ്, ഫ്രഡി എന്നിവർക്കും പരിക്കുണ്ട്. ഇപ്പോഴിതാ മറ്റൊരു താരത്തിന് കൂടി പരിക്ക് സ്ഥിരീകരിച്ചിരിക്കുകയാണ് പരിശീലകൻ മൈക്കേൽ സ്റ്റാറേ.
മൊഹമ്മദൻസ് എസ്സിക്കെതിരായ മത്സരത്തിന് ശേഷമാണ് സ്റ്റാറേ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പരിക്ക് സ്ഥിരീകരിച്ചത്. മധ്യനിര താരം മുഹമ്മദ് അസ്ഹറിനാണ് പരിക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. മൊഹമ്മദൻസിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്ത അസഹറിനെ 49 ആം മിനുട്ടിൽ സ്റ്റാറേ പിൻവലിച്ചിരുന്നു.
താരത്തെ പിൻവലിച്ചത് പരിക്ക് മൂലമാണെന്നും താരത്തെ പിൻവലിക്കാൻ താൻ നിർബന്ധിതാനായെന്നും സ്റ്റാറേ മത്സരശേഷം പ്രതികരിച്ചു. എന്നാൽ താരത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണ് എന്ന കാര്യം വ്യക്തമല്ല.
അതെ സമയം മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് ചില പ്രതിസന്ധികളുണ്ട്. യുവതാരം ഫ്രഡി നിലവിൽ പരിക്കിന്റെ പിടിയിലാണ്. ഈ സമയത്താണ് അസ്‌ഹറിന് കൂടി പരിക്കുള്ളതായി പരിശീലകൻ സ്ഥിരീകരിച്ചത്. ഇത് മധ്യനിരയിൽ ചില തലവേദനകൾക്ക് കാരണമാകും.
അതേ സമയം സീസണിലെ ആറാം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് ബദ്ധവൈരികളായ ബംഗളുരു എഫ്സിയാണ് എതിരാളികൾ. രാത്രി 7:30 ന് കൊച്ചിയിലാണ് പോരാട്ടം.