എവർട്ടനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു എവർട്ടൺ ആരാധകന്റെ ഫോൺ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എറിഞ്ഞു തകർത്ത സംഭവം കൂടുതൽ സങ്കീർണതകളിലേക്ക്. പതിനാലു വയസുള്ള തന്റെ മകനു നേരെ യാതൊരു പ്രകോപനവും കൂടാതെ റൊണാൾഡോ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് എവർട്ടൻ ആരാധകന്റെ മാതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
മത്സരത്തിനു ശേഷം വളരെ പെട്ടന്നാണ് റൊണാൾഡോ ഫോൺ വലിച്ചെറിഞ്ഞു തകർത്ത സംഭവം വൈറലായത്. ഇതേത്തുടർന്ന് താരത്തിനെതിരെ വിമർശനവും ശക്തമായി ഉയർന്നിരുന്നു. അതിനു ശേഷം സംഭവത്തിൽ ക്ഷമാപണം നടത്തി റൊണാൾഡോ രംഗത്തു വന്നെങ്കിലും അതേക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫുൾടൈം കഴിഞ്ഞതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പോവുകയായിരുന്നു. ഞങ്ങൾ സ്റ്റേഡിയത്തിൽ അവർ പോകുന്ന ടണലിന്റെ തൊട്ടരികിലായിരുന്നു. എന്റെ മകൻ അവിടെ ഉണ്ടായിരുന്നു, അവർ പോകുന്നത് വീഡിയോ എടുക്കുകയും ചെയ്‌തിരുന്നു.” പതിനാലു വയസുള്ള ജെക്ക് ഹാർഡിങ്ങിന്റെ മാതാവായ സാറാ കെല്ലി ലിവർപൂൾ എക്കോയോട് പറഞ്ഞു.
“എല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ കടന്നു പോകുന്നതും അവൻ വീഡിയോ എടുത്തിരുന്നു. റൊണാൾഡോ എത്തിയപ്പോൾ അവൻ ഫോൺ കുറച്ചുകൂടി താഴേക്കു പിടിച്ചു, കാലിലെ മുറിവു കാരണം റൊണാൾഡോ സോക്ക്‌സ് താഴ്ത്തിയത് എന്തിനാണെന്ന് അറിയുന്നതിനു വേണ്ടിയായിരുന്നു അത്. അവൻ സംസാരിക്കുക പോലും ചെയ്‌തില്ല.”
“റൊണാൾഡോ വളരെയധികം ദേഷ്യത്തോടെ അതിലെ വന്നു, ഫോൺ എന്റെ മകന്റെ കയ്യിൽ നിന്നും വാങ്ങി നിലത്തേക്ക് എറിഞ്ഞു, അതിനു ശേഷം അങ്ങനെ പോവുകയും ചെയ്‌തു.” സാറാ കെല്ലി പറഞ്ഞു. ഓട്ടിസത്തിന്റെ പ്രശ്‌നങ്ങൾ തന്റെ മകനുണ്ടെന്നും അവർ പറഞ്ഞു.