കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പരിക്കിന്റെ പിടിയിലായ ടീമാണ്. ഇഷാൻ പണ്ഡിതയെ പോലുള്ള മികച്ച ഇന്ത്യൻ താരങ്ങളടക്കം സീസൺ പകുതിയിലെത്തുമ്പോഴും ഫിറ്റ്നസ് നേടാനായിട്ടില്ല. പ്രബീർ ദാസ്, അമാവിയ തുടങ്ങിയവരുടെ ഗതിയും ഇത് തന്നെ..ഇത്തരത്തിൽ ഫിറ്റ്നസ്സിന്റെ പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിഴലിക്കുമ്പോൾ ടീമിന്റെ മെഡിക്കൽ ടീമിനെതിരെ ആരാധകരുടെ വിമർശനം ഉയരുകയാണ്.
ഓഗസ്റ്റിൽ നടന്ന ഡ്യൂറൻഡ് കപ്പ് മത്സരത്തിനിടയിലാണ് ഇഷാൻ പണ്ഡിതയ്ക്ക് പരിക്കേറ്റത്. താരത്തിന് ഗുരുതരമായി പരിക്കേറ്റതായി ഒരു റിപ്പോർട്ടും വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും 3 മാസം പിന്നിടുമ്പോഴും പണ്ഡിതയ്ക്ക് ഫിറ്റ്നസ് നേടാനായിട്ടില്ല. പ്രബീർ ദാസിന്റെ കാര്യവും സമാനം തന്നെ.
പരിക്ക് മൂലം സീസണിൽ ഇത് വരെ ഒരൊറ്റ മത്സരം പോലും കളിക്കാതെ പ്രബീർ ദാസ് ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ സൈഡ് ബെഞ്ചിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഗുരുതര പരിക്കൊന്നുമില്ലാതിരുന്ന പ്രബീർ ഫിറ്റ്നസ് നേടിയെടുക്കാൻ ദീർഘസമയമെടുത്തു.
ഇത്തരത്തിൽ പല താരങ്ങൾക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ ദീർഘ സമയമെടുക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ മെഡിക്കൽ ടീമിനെതിരെ ഉയരുന്ന വിമർശനമാണ്.ഒരു ടീമിന്റെ മുന്നേറ്റത്തിന് പങ്ക് വഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മെഡിക്കൽ ടീം. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മെഡിക്കൽ ടീം ഇക്കാര്യത്തിൽ പിന്നിലാണെന്നും ആരാധകർ വിമർശിക്കുന്നു.
താരങ്ങൾക്ക് ഗുരുതര പരിക്ക് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ എന്തിനാണ് ഫിറ്റ്നസ് നേടിയെടുക്കാൻ ഇത്രയും സമയം ആവശ്യമെന്നാണ് ആരാധകരുടെ ചോദ്യം.