ഐപിഎല്ലിലെ ബദ്ധവൈരികളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും. ഇരുവരും എറ്റുമുട്ടുമ്പോൾ സമൂഹമാധ്യമങ്ങളിലും ആരാധകർ പരസ്പരം ഏറ്റുമുട്ടാറുണ്ട്. ഇത്തവണത്തെ ഐപിഎല്ലിന് ഇനി ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെ ഇരുടീമുകളുടെയും ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റിങ് ആരംഭിച്ചിരിക്കുകയാണ്.
മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുമ്രയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരു ടീമുകളുടെയും ആരാധകർ സമൂഹമാധ്യമങ്ങളിൽ കൊമ്പ്കോർക്കുന്നത്. പരിക്ക് കാരണം ഏറെ നാളായി പുറത്തിരിക്കുന്ന ബുമ്രയുടെ മടങ്ങി വരവ് ഇത്തവണത്തെ ഐപിഎല്ലിലൂടെയായിരിക്കും എന്നാണ് റിപോർട്ടുകൾ.
എന്നാൽ ബുംറ ഐപിഎൽ സീസൺ നഷ്ടമാവാതിരിക്കാൻ മനപ്പൂർവം ഇന്ത്യയുടെ മത്സരങ്ങൾ ഒഴിവാക്കിയതാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ സിഎസ്കെ ആരാധകർ അടക്കം വിമർശിക്കുന്നത്. ഐപിഎല്ലിന് പ്രാമുഖ്യം നൽകുന്ന ബിസിസിഐ ബുമ്രയുടെ സേവനം ഐപിഎല്ലിൽ ഉറപ്പാക്കാനാണ് ഇന്ത്യ- ഓസിസ് പര്യടനത്തിൽ നിന്നടക്കം ബുംറയെ ഒഴിവാക്കി അദ്ദേഹത്തിന് വിശ്രമം നൽകിയത് എന്ന വിമർശനം ഉന്നയിക്കുന്നത് സിഎസ്കെ ആരാധകർ മാത്രമല്ല.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്‌സ് താരം ബെൻ സ്റ്റോക്ക്സ് ഐപിഎല്ലിന്റെ അവസാന ഘട്ടങ്ങളിൽ ഉണ്ടാവില്ലെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇംഗ്ലണ്ടിന്റെ ആഷസ് ടെസ്റ്റിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം രാജ്യത്തിന് കൂടുതൽ പ്രാധാന്യം നൽകി ഐപിഎല്ലിന്റെ അവസാന ഷെഡ്യൂളുകൾ ഒഴിവാക്കുന്നത്. ഇത്തരത്തിൽ രാജ്യത്തിന് കൂടുതൽ പ്രാധാന്യം നൽകിയ ഞങ്ങളുടെ താരം സ്റ്റോക്ക്സിന്റെ കണ്ട് ബുംറ പഠിക്കണെമെന്ന് സിഎസ്കെ ആരാധകരുടെ വാദം.
കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച സമയത്തേറ്റ പരിക്ക് മൂലം കഴിഞ്ഞ ഐപിഎൽ സീസൺ നഷ്‌ടമായ ദീപക് ചാഹറിനെയും ചെന്നൈ ആരാധകർ ചൂണ്ടികാണിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച് ടീമിൽ നിലനിർത്തിയ താരമാണ് ചഹർ. ആ ചഹർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച സമയത്ത് പറ്റിയ പരിക്ക് മൂലം അദ്ദേഹത്തിന് ഒരു ഐപിഎൽ സീസൺ മുഴവനും നഷ്ടമായി എന്നും ബുമ്ര ഇത്രയെങ്കിലും ആത്മാർത്ഥ ഇന്ത്യൻ ടീമിനോട് കാണിക്കണമെന്നുമാണ് സിഎസ്കെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നത്.