ഖത്തർ ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്തായിരിക്കുകയാണ്. അവരുടെ അവസാന മത്സരത്തിൽ കോസ്റ്ററിക്കയെ അവർ പരാജയപ്പെടുത്തിയെങ്കിലും സ്പെയിനും ജപ്പാനും തമ്മിലുള്ള മത്സരത്തിൽ ജപ്പാൻ വിജയിച്ചതോടുകൂടിയാണ് ജർമ്മനി പുറത്താകുന്നത്.
എന്നാൽ ജർമ്മനിയുടെ പുറത്താകലിലും ഇപ്പോൾ പുതിയ വിവാദങ്ങളാണ് ഫുട്ബോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിനുളള കാരണം സ്പെയിനിനെതിരായുള്ള ജപ്പാന്റെ രണ്ടാം ഗോൾ തന്നെയാണ്.
സ്പെയിനിനെതിരെ ജപ്പാൻ നേടിയ രണ്ടാമത്തെ ഗോൾ സൈഡ് ലൈൻ കടന്നുവെന്ന് വ്യക്തമായിട്ടും വാറിൽ വലിയ സമയമെടുത്തിട്ടും ഗോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു പക്ഷേ ഈ രണ്ടാം ഗോൾ പിറന്നില്ലായിരുന്നുവെങ്കിൽ ജർമ്മനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താവില്ലായിരുന്നു.
എന്നാൽ ഏരിയൽ വ്യൂ ആണ് വാറിനായി പരിഗണിക്കുകയെന്നും അതിനാൽ തന്നെ ആ പന്ത് സൈഡ് ലൈനിൽ കടന്നിട്ടില്ലായെന്നും ഒരു വിഭാഗം വാദമുന്നയിക്കുന്നുണ്ട്. ഫിഫയുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത് സമാന അഭിപ്രായമാണ്.
ഏതായാലും വാർ പോലുള്ള വലിയൊരു ടെക്നോളജി ഉണ്ടായിട്ട് പോലും പുറത്തു പോയ പന്തിനെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാത്തത് വാറിന്റേയും ഈ ലോകകപ്പിന്റേയും വലിയ പോരായ്മയാണ് എന്നുള്ള വിമർശനവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിൽ വാറിലൂടെ വിവാദ നിയമങ്ങളുണ്ടാകുന്നത് ഇതാദ്യമായിട്ടല്ല.