ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആരംഭിച്ച ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി ജേതാക്കളായ മുംബൈ സിറ്റി എഫ് സി.
ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഐ ലീഗ് കരുത്തന്മാരായ മുഹമ്മദൻസിനെയാണ് മുംബൈ സിറ്റി മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞത്. ആവേശം നിറഞ്ഞ ആദ്യ പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം.
മത്സരം തുടങ്ങി പന്ത്രണ്ടാം മിനിറ്റിൽ തന്നെ ഗ്രേഗ് സ്റ്റുവാട്ടിന്റെ അസിസ്റ്റിൽ നിന്നും റോസ്റ്റിൻ ഗ്രിഫിത്സ് ആദ്യ ഗോൾ നേടി മുംബൈ സിറ്റിക്ക് മത്സരത്തിൽ ലീഡ് നൽകി, 23 മിനിറ്റിൽ മറ്റൊരു വിദേശ താരമായ ഡയസിലൂടെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തിയ മുംബൈ സിറ്റിക്ക് വേണ്ടി 35 മിനിറ്റിൽ ഇന്ത്യൻ സൂപ്പർതാരമായ ചാങ്ത്തെ കൂടി ഗോൾ നേടിയതോടെ മുംബൈ സിറ്റിയുടെ ഗോൾ നേട്ടം 3 ആയി ഉയർന്നു.
എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് 41ആം മിനിറ്റിൽ ഒരു ഗോൾ തിരിചടിച്ച മുഹമ്മദൻസ് മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചു. എന്നാൽ മത്സരം വിട്ടുകൊടുക്കാൻ താല്പര്യം കാണിക്കാത്ത മുംബൈ സിറ്റി രണ്ടാം പകുതി നന്നായി കളിച്ചുകൊണ്ട് മത്സരം 3 – 1 സ്കോറിന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ ആയിട്ടില്ല.