ഐഎസ്എല്ലിൽ മോശം പ്രകടനമാണ് ഈസ്റ്റ് ബംഗാളിന്റേതെങ്കിലും എഎഫ്സി ചല്ലഞ്ചേഴ്‌സ് കപ്പിൽ കളിച്ച 3 മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമായി ക്വാർട്ടർ ഫൈനലിൽ ഉറപ്പിച്ചിരിക്കുകയാണ് അവർ. പുതിയ പരിശീലകൻ ഓസ്കാർ ബ്രൂസോണിന്റെ തന്ത്രങ്ങൾ ഫലിച്ച് തുടങ്ങിയതോടെ ഈസ്റ്റ് ബംഗാൾ ഇനി ഐഎസ്എല്ലിലും മുന്നേറ്റമുണ്ടാക്കുമെന്ന് കരുതാം. അതേ സമയം ഈസ്റ്റ് ബംഗാൾ അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് വിദേശ താരങ്ങളെ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്.
37 കാരനായ ബ്രസീലിയൻ താരം ക്ലെറ്റൻ സിൽവ, 36 കാരനായ സ്പാനിഷ് പ്രതിരോധ താരം ഹെക്ടർ യുറ്റ്സെ എന്നിവരെ ഈസ്റ്റ് ബംഗാൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റിലീസ് ചെയ്ത് പുതിയ താരങ്ങളെ വാങ്ങിക്കാൻ വലിയ സാധ്യതകളുണ്ട്. ഇരുവരുടെയും പ്രായവും അത്ര മികച്ച പ്രകടനമല്ല ഇരുവരും നടത്തുന്നത് എന്നതാണ് ഇവരെ റിലീസ് ചെയ്യാനുള്ള കാരണം. കൂടാതെ ആരാധകർക്കും ഇവരുടെ പ്രകടനത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ഓസ്കർ ബ്രൂസോണിനെ പുതിയ പരിശീലകനായി നിയമിക്കുമ്പോൾ അദ്ദേഹത്തിന് പുതിയ സൈനിംഗുകളുടെ കാര്യത്തിൽ ഇടപെടൽ നടത്താനുള്ള അവകാശവും ക്ലബ് നൽകിയതായി അന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ബ്രൂസോൺ പരിശീലിപ്പിച്ച ബസുന്ദര കിങ്സിലെ ബ്രസീലിയൻ താരം റോബ്‌സൺ റോബിനോയെ ടീമിലെത്തിക്കാൻ ബ്രൂസോണിന് പദ്ധതിയുണ്ട്.
റോബിനോയെ ടീമിലെത്തിക്കണമെങ്കിൽ ഒരു വിദേശ താരത്തെ അവർക്ക് കൈ വിടേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അത്ര ഇമ്പാക്റ്റ് ഉണ്ടാക്കാത്ത, ആരാധകരുടെ വിമർശനം ഉയരുന്ന സിൽവയെ തന്നെ കൈവിടാനായിരിക്കും ഈസ്റ്റ് ബംഗാളിന്റെ പ്ലാൻ.
കൂടാതെ യുവതാരങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്ന ബ്രൂസോൺ ഹെക്ടറിന് പകരം ഒരു പുതിയ വിദേശ പ്രതിരോധ താരത്തെയും ടീമിലെത്തിച്ചേക്കും.