എ എസ് റോമയുടെ രാജാവ് ഫ്രാൻസിസ്‌കോ ടോട്ടിയുടെ മുന്നിലിട്ട് സ്വിസ്സർലാന്റിനെ കശാപ്പു ചെയ്തു അസൂറി പട രണ്ടാം ജയം ആഘോഷമാക്കി.
അപരാജിത കുതിപ്പ് തുടരുന്ന അസൂറി പടക്ക് മുന്നിൽ മുട്ട് മടക്കി സ്വിസ്സർലാന്റും ഇറ്റലിയുടെ രണ്ടു ഗോളുകളും ലൊക്കേറ്റലി എന്ന ഇറ്റാലിയൻ സിരി എ മധ്യ നിര താരത്തിന്റെ സംഭാവനയായിരുന്നു. സസുഓളോ താരങ്ങളായ ബാറാർഡി ലൊക്കേറ്റലി എന്നിവരാണ് ഇറ്റാലിയൻ മുന്നേറ്റങ്ങൾക്ക് ഇരു വിങ്ങുകളിലൂടെയും കരുത്തു പകർന്നത്.
ബെറാർഡിയുടെ സുന്ദര നീക്കത്തിനൊടുവിൽ മൂന്നോളം സ്വിസ് പ്രധിരോധ നിര താരങ്ങളെ കബളിപ്പിച്ചു നൽകിയ ബോൾ ലൊക്കേറ്റലി വളരെ മനോഹരമായി സ്വിസ് ഗോളി യാൻ സോമാറിന് അർധാവസരം പോലും നൽകാതെ വലയിലെത്തിച്ചാണ് ആദ്യ പകുതിയിലെ ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ ലൊക്കേറ്റലി തൊടുത്ത ലോങ്ങ് റേഞ്ച് സ്വിസ് ഗോൾ വലയുടെ വലത്തേ മൂലയിൽ പതിക്കുമ്പോൾ പ്രതിരോധ താരങ്ങൾക്കും ഗോളിക്കും കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇത്തവണ അസ്സിസ്റ് ഇൻന്റർമിലാണ് താരം ബരെല്ല ആയിരുന്നു എന്ന വെത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ലോക്കറ്റിലിയുടെ ആദ്യ രണ്ടു ഗോൾ പ്രകടനത്തിനാണ് റോമാ സ്റ്റേഡയം സാക്ഷ്യം വഹിച്ചത്.
മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സിറോ ഇമ്മൊബിലെ മറ്റൊരു ലോങ്ങ് റേഞ്ചിലൂടെ തന്റെ നാമവും സ്കോർ കാർഡിൽ എഴുതിച്ചേർത്തു സ്വിസ്സ് വധം പൂർത്തീകരിച്ചു. ഇരു മത്സരങ്ങളിലുമായി ആറു ഗോളുകൾ കണ്ടെത്തിയ ഇറ്റലി ഇന്നു ഏതൊരു ടീമിനും ഭീഷണിയാണ്.
മുൻ കാലങ്ങളിൽ പ്രതിരോധത്തിനാണ് ഇറ്റലിയൻ ഫുട്‍ബോൾ പേര് കേട്ടതെങ്കിൽ, ചുറുചുറുക്കും പ്രസരിപ്പും ഉള്ള യുവ നിരയും പരിചയ സമ്പന്നരായ ഒരു കൂട്ടം താരങ്ങളും നിറഞ്ഞ അസൂറിപ്പട പ്രതിരോധവും ആക്രമണവും ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ചു കൊണ്ട് ജൈത്ര യാത്ര തുടരുകയാണ്.
യൂറോ ഫൈനൽ സ്റ്റേജിൽ ഇതുവരെ രണ്ടു ഗോളിനപ്പുറം കണ്ടെത്താൻ മുൻ കാലങ്ങളിൽ പാടുപെട്ട അസൂറി പട തുടർച്ചയായി രണ്ടു മത്സരത്തിലും മൂന്നു ഗോൾ കണ്ടെത്തി ഒരു പുത്തൻ പാതയിലൂടെയാണ് റോബർട്ടോ മാഞ്ചിനി നയിച്ചു കൊണ്ടിരിക്കുന്നത്.