സ്വന്തം സഹതാരങ്ങളുടെ പ്രയത്നത്തെ വരെ ഇല്ലാതാക്കുന്ന കളിക്കാരനാണ് ജാവോ ഫെലിക്‌സെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ. യൂറോ കപ്പിൽ ബെൽജിയത്തിനെതിരെ പോർച്ചുഗൽ തോൽവി ഏറ്റുവാങ്ങിയ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറങ്ങിയ താരം മികച്ച പ്രകടനം നടത്തിയില്ലെന്നതിനു പുറമെ അവസാന നിമിഷങ്ങളിൽ നല്ലൊരു അവസരവും നഷ്ടപ്പെടുത്തിയിരുന്നു.
തോർഗൻ ഹസാർഡ് നേടിയ ഒരേയൊരു ഗോളിലാണ് പോർചുഗലിനെതിരെ ബെൽജിയം വിജയം നേടിയത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച പോർച്ചുഗൽ നിരവധി സുവർണാവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും മുതലാക്കാൻ അവർക്കായില്ല. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് അത്ലറ്റികോ മാഡ്രിഡ് താരത്തിനെതിരെ റോയ് കീൻ വിമർശനം നടത്തിയത്.
മൈതാനത്തിറങ്ങിയതിനു ശേഷം ഫെലിക്‌സ് എന്താണ് ചെയ്‌തതെന്നു ചോദിച്ച റോയ് കീൻ സഹതാരങ്ങളുടെ മനോവീര്യം തകർക്കുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്നയാൾ എന്നർത്ഥം വരുന്ന ഇമ്പോസ്റ്ററാണ് അത്ലറ്റികോ മാഡ്രിഡ് താരമെന്നാണു വിശേഷിപ്പിച്ചത്. ഞാനായിരുന്നു റൊണാൾഡോയെങ്കിൽ താരത്തെ ഡ്രസിങ് റൂമിൽ വെച്ച് കൈകാര്യം ചെയ്യുമായിരുന്നുവെന്നും കീൻ പറഞ്ഞു.
ഫെലിക്‌സിനൊപ്പം രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനെയും കീൻ വിമർശിച്ചു. വളരെ മികച്ച രീതിയിൽ പ്രതിരോധിച്ചു കൊണ്ടിരുന്ന ബെൽജിയത്തിനെതിരെ പോർച്ചുഗലിന്റെ മുന്നേറ്റനിര ക്രിയാത്മകമായിരുന്നില്ലെന്നും ഫെലിക്‌സും ബ്രൂണോ ഫെർണാണ്ടസും മത്സരത്തിൽ സ്വാധീനം ചെലുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിൽ വിജയം നേടിയതോടെ ക്വാർട്ടർ ഫൈനലിലെത്തിയ ബെൽജിയത്തിന് ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന മറ്റൊരു ടീമായ ഇറ്റാലിയാണ് എതിരാളികൾ.
എന്നാൽ പോർചുഗലിനെതിരായ മത്സരത്തിൽ പരിക്കേറ്റ കെവിൻ ഡി ബ്രൂയ്ൻ, ഈഡൻ ഹസാർഡ് എന്നിവർ അടുത്ത മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായാൽ മാത്രമേ ബെൽജിയം ആരാധകർക്ക് ആശ്വസിക്കാൻ വകയുള്ളൂ.