സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ( Adrian Luna ) ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) ഏറ്റവും നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) 2022 – 2023 സീസണ് 19 -ാം റൗണ്ട് പോരാട്ടത്തില്‍ എ ടി കെ മോഹന്‍ ബഗാന് ( A T K Mohun Bagan ) എതിരായ മത്സരത്തില്‍ ആണ് അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇറങ്ങുക. സീസണില്‍ നാല് മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്നുള്ള ഒരു മത്സര വിലക്ക് വന്നതാണ് അഡ്രിയാന്‍ ലൂണയുടെ അഭാവത്തിനു കാരണം.
ബംഗളൂരു എഫ് സിക്ക് എതിരായ എവേ പോരാട്ടത്തില്‍ ആയിരുന്നു അഡ്രിയാന്‍ ലൂണ സീസണിലെ നാലാം മഞ്ഞക്കാര്‍ഡ് കണ്ടത്. ശനിയാഴ്ച ( 18 – 2 – 2023 ) കോല്‍ക്കത്തയില്‍ വച്ചാണ് എ ടി കെ മോഹന്‍ ബഗാന് x കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോരാട്ടം.
അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്ലേ മേക്കര്‍ പദവി ഏറ്റെടുക്കുക ആരായിരിക്കും എന്നതാണ് ഏറ്റവും ആകാംഷ നിറഞ്ഞ ചോദ്യം. അഡ്രിയാന്‍ ലൂണയുടെ അഭാവം നികത്താന്‍ പറ്റുന്ന മറ്റൊരു താരം നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യില്‍ ഇല്ല എന്നതാണ് വാസ്തവം. എങ്കിലും യുറുഗ്വെന്‍ പ്ലേ മേക്കറിന്റെ അഭാവത്തില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകന് ഇവാന് വുകോമനോവിച്ച് ( Ivan Vukomanovic ) മാറ്റം കൊണ്ടുവന്നേ മതിയാകൂ.
അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ ഇവാന് കലിയൂഷ്നി സെന്റര്‍ മിഡ്ഫീല്‍ഡിലും സെക്കന്‍ഡ് സ്ട്രൈക്കറായി അപ്പൊസ്തൊലസ് ജിയാനുവും വരുന്ന ഒരു സാധ്യത നിലനില്ക്കുന്നു. 4 – 4 – 2 ശൈലിയില്‍ ദിമിത്രിയോസ് ഡയമാന്റകോസും അപ്പൊസ്തൊലസ് ജിയാനുവും മുന്നേറ്റത്തിലും സഹല്‍ അബ്ദുള്‍ സമദ്, ഇവാന് കലിയൂഷ്നി, ജീക്സണ് സിംഗ്, കെ.പി. രാഹുല്‍ എന്നിവര്‍ മധ്യനിരയിലും ഇറങ്ങും.