ഫിഫയുടെ ഏറ്റവും മികച്ച ഇലവനിൽ ഇടം നേടി യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങൾ. 2021-ലെ ഫിഫ്പ്രോ ഇലവൻ കഴിഞ്ഞ ദിവസം നടന്ന ദി ബെസ്റ്റ് ഫിഫ അവാർഡ് ദാന ചടങ്ങിനിടെ ഫിഫ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങൾ തന്നെയാണ് ഇലവനിൽ ഇടം പിടിച്ചത്.
നേരത്തെ പ്രഖ്യാപിച്ച 23 പേരടങ്ങുന്ന നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് ഫിഫ ഇലവൻ തിരഞ്ഞെടുത്തത്. ഒരു ഗോൾകീപ്പർ, മൂന്നു ഡിഫെൻഡർമാർ, മൂന്നു മിഡ്ഫീൽഡേഴ്സ്, നാല് ഫോർവേഡുകൾ എന്നിങ്ങനെ 3-3-4 എന്ന ഫോർമേഷനിലാണ് 2021-ലെ ഫിഫയുടെ ഏറ്റവും മികച്ച ഫിഫ്പ്രോ ഇലവൻ അണിനിരക്കുന്നത്.

ഗോൾകീപറായി പിസ്ജിയുടെ ഇറ്റാലിയൻ താരം ജിയാൻലുഗി ഡോണരുമ്മയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപർക്കുള്ള ദി ബെസ്റ്റ് അവാർഡ് നേടിയ ചെൽസി താരം എഡൗർഡ് മെൻഡി ഇലവനിൽ ഉൾപ്പെടാത്തത് അത്ഭുതപ്പെടുത്തി.
മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം റൂബൻ ഡയസ്, റയൽ മാഡ്രിഡിന്റെ ഓസ്ട്രിയൻ താരം ഡേവിഡ് അലാബ, യുവന്റസിന്റെ ഇറ്റാലിയൻ താരം ലിയനാർഡോ ബോനുച്ചി എന്നിവരാണ് ഡിഫെൻസിൽ അണിനിരക്കുന്നത്.
മിഡ്ഫീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്ൻ, ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജിഞ്ഞോ, ചെൽസിയുടെ ഫ്രഞ്ച് താരം എൻ’ഗോളോ കാന്റെ എന്നിവരാണ് ഫിഫ്പ്രോ ഇലവനിൽ ഇടം നേടിയ സൂപ്പർ മിഡ്ഫീൽഡേഴ്സ്.
മുന്നേറ്റനിരയിൽ നാല് താരങ്ങളാണ് ഇടം നേടിയിട്ടുള്ളത്. ഫിഫയുടെ ഏറ്റവും മികച്ച താരമായ ബയേൺ മ്യൂനിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവന്റോസ്കി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബോറുസിയ ഡോർട്ട്മുണ്ടിന്റെ നോർവേ താരം എർലിംഗ് ഹാലൻഡ് എന്നിവരാണ് ഫിഫ്പ്രോ ഇലവനിലെ മുന്നേറ്റനിരക്കാർ.
ഫിഫ്പ്രോ ഇലവൻ 2021 ഇങ്ങനെയാണ്…
GK : ജിയാൻലുഗി ഡോണരുമ്മ
DF : റൂബൻ ഡയസ്, ഡേവിഡ് അലാബ, ലിയനാർഡോ ബോനുച്ചി
MF : എൻ’ഗോളോ കാന്റെ, ജോർജിഞ്ഞോ, കെവിൻ ഡി ബ്രൂയ്ൻ
FW : റോബർട്ട് ലെവന്റോസ്കി, എർലിംഗ് ഹാലൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി