ഖത്തർ ഫിഫ വേൾഡ് കപ്പിൽ ഉറുഗായ് ദേശീയ ടീമിന് വേണ്ടി ബൂട്ട് കെട്ടിയ എഫ്സി ബാഴ്സലോനയുടെ മുൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ വരുമെന്ന് കഴിഞ്ഞ ദിവസം റൂമറുകളും വാർത്തകളും പ്രചരിച്ചിരുന്നു.
എന്നാൽ ഈയൊരു ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. കൂടാതെ ലൂയിസ് സുവാറസിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയും അപ്ഡേറ്റ് നൽകിയിട്ടുണ്ട്.
നിലവിൽ ഫ്രീ ഏജന്റായിട്ടുള്ള ലൂയിസ് സുവാറസിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ ശ്രമിക്കുണ്ടെന്നാണ് വാർത്തകൾ, എന്നാൽ ഈ വാർത്തകളെല്ലാം തികച്ചും വ്യാജമാണെന്നാണ് മാർക്കസ് പറഞ്ഞത്.
6 മില്യണിന്റെ ഒരു പാക്കേജുമായി സൗദി ക്ലബ്ബായ അൽ-ഖലീജ് ലൂയിസ് സുവാറസിനെ സമീപിച്ചെങ്കിലും താരം ബ്രസീലിയൻ ക്ലബ്ബായ ഗ്രേമിയോയിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചെന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് നൽകിയത്.
35വയസുകാരനായ ലൂയിസ് സുവാരസ് ഉറുഗായ് നാഷണൽ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. കൂടാതെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുവാരസ് സ്പാനിഷ് ക്ലബ്ബുകളായ എഫ്സി ബാഴ്സലോന, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.