ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ബ്രസീലിയൻ മജീഷ്യൻ മാഴ്സലീഞ്ഞോ തന്റെ പ്രഫഷണൽ ഫുട്ബോൾ കരിയറിനോട് വിട ചൊല്ലി.
കഴിഞ്ഞ ദിവസമാണ് 35-വയസുകാരനായ താരം പ്രഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 2016-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച മാഴ്‌സലീഞ്ഞോ നിരവധി ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്.
1987-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജനിക്കുന്ന മാഴ്‌സലീഞ്ഞോയുടെ യൂത്ത് കരിയർ 2005-ൽ ബ്രസീലിലെ പ്രമുഖ ക്ലബ്ബായ ഫ്ലമിംഗോയിലൂടെയായിരുന്നു. പിന്നീട് 2006-ൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ലാലിഗ ക്ലബ്ബായ ഗെറ്റഫെയുടെ ബി ടീമിന് വേണ്ടിയും ജേഴ്സിയണിഞ്ഞു.
നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ശേഷമാണ് മാഴ്സലീഞ്ഞോ 2016-ൽ ഡൽഹി ഡൈനമോസിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ മാഴ്‌സലീഞ്ഞോ ഐഎസ്എലിൽ വിസ്മയം തീർത്തു.
പൂനെ സിറ്റി, ഒഡിഷ, ഹൈദരാബാദ്, എടികെ മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ മാഴ്‌സലീഞ്ഞോ ഐഎസ്എൽ ആരാധകരുടെ പ്രിയതാരമായി മാറി.
ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയിൽ ചേർന്ന മാഴ്‌സലീഞ്ഞോ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ ലോനടിസ്ഥാനത്തിൽ കളിച്ചു. ശേഷം ബ്രസീലിയൻ ക്ലബ്ബിലേക്ക് മടങ്ങിയ താരം ഇപ്പോൾ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.