രോഹിതിന് കീഴിൽ ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഉപനായകനാവുകയും അതിന് മുമ്പ് രോഹിതിന്റെ അസാനിധ്യത്തിൽ ടീമിനെ നയിക്കുകയും ചെയ്ത ഹർദിക് പാണ്ട്യ ഇന്ത്യയുടെ അടുത്ത നായകനാവുമെന്നാണ് പലരും കരുതിയത്. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ രോഹിത് അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിച്ചതോടെ ലങ്കൻ പരമ്പരയിൽ പാണ്ട്യ ഔദ്യോഗികമായി ഇന്ത്യൻ നായകനാവുമെന്ന് പലരും കരുതി.
എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് പുതിയ പരിശീലകൻ ഗൗതം ഗംഭീർ സൂര്യകുമാർ യാദവിനെ ടി20യിൽ നായകനാക്കുകയും വൈറ്റ് ബോളിൽ ഗില്ലിനെ ഉപനായകനാക്കി പാണ്ട്യയെ പൂർണമായും നായക സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാൽ പാണ്ട്യയെ പുറത്താക്കാൻ മറ്റു പല നീക്കങ്ങളും നടന്നതായാണ് പുതിയ റിപോർട്ടുകൾ. പാണ്ട്യയെ നായകനാക്കിയാൽ രാജിഭീഷണി മുഴക്കിയതായും ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് പാണ്ട്യയെ നായകനാക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. പാണ്ട്യയെ നായകനാക്കുകയാണെങ്കിൽ സെലക്ഷൻ കമ്മിറ്റി സ്ഥാനം രാജിവെയ്ക്കുമെന്നാണ് അഗാർക്കാർ ഭീഷണി ഉയർത്തിയത് എന്നാണ് റിപോർട്ടുകൾ.
രോഹിത് ടി20യിൽ നിന്നും വിരമിച്ചതോടെ പുതിയ നായകനായി ചർച്ചകൾ നടന്നെന്നും ഈ ചർച്ചയിൽ ജയ് ഷായും പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ അഗാർക്കറും ഗംഭീറും പാണ്ട്യയെ നായകനാക്കരുതെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ജയ് ഷാ പാണ്ട്യയെ പിന്തുണച്ചു.
എന്നാൽ പാണ്ട്യയെ നായകനാക്കിയാൽ താൻ രാജി വെക്കുമെന്ന് അറിയിച്ചതോടെ ജയ് ഷാ തീരുമാനം അഗാർക്കറിനും ഗംഭീറിനും വിടുകയായിരുന്നു.