ഐപിഎൽ മെഗാ ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. നംവബർ 24, 25 തിയ്യതികളിൽ ജിദ്ദയിൽ വെച്ചാണ് ലേലം. ഇന്ത്യൻ സമയം 3:30 നാണ് ലേലം ആരംഭിക്കുക. മെഗാ ലേലമായതിനാൽ ടീമുകളും മൊത്തമായും ഒരു പൊളിച്ചെഴുത്ത് തന്നെയാണ് ഉദ്ദേശിക്കുന്നത്. ലേലത്തിൽ ടീമുകൾ ലക്ഷ്യമിടുന്ന പ്രധാന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..
രാജസ്ഥാൻ റോയൽസ്
6 താരങ്ങൾ നിലനിർത്തി പേഴ്സിൽ 41 കോടിയുമായാണ് രാജസ്ഥാൻ ലേലത്തിനെത്തുന്നത്. ആർടിഎം കാർഡ് ഇല്ലെങ്കിലും ജോസ് ബട്ട്ലർ, അശ്വിൻ, ചഹാൽ, ട്രെന്റ് ബോൾട്ട് എന്നിവരെ ലേലത്തിൽ തിരിച്ചെത്തിക്കാൻ രാജസ്ഥാൻ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ള ഒരു താരത്തെയും അവർ പ്രഥമ പരിഗണന നൽകി ലക്ഷ്യമിടുന്നുണ്ട്.
ചെന്നൈ സൂപ്പർ കിങ്‌സ്
ഒരൊറ്റ ആർടിഎം കാർഡ് കൈയ്യിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര എന്നിവരിൽ ഒരാളെയാണ് ആർടിഎമ്മിലൂടെ നിലനിർത്താൻ ഉദ്ദേശിക്കുന്നത്. സ്പിൻ ഓൾറൗണ്ടർമാരെ ലക്ഷ്യമിടുന്ന സിഎസ്കെ അതിനായി പരിഗണിക്കുന്നത് ഗ്ലെൻ മാക്‌സ്‌വെൽ അല്ലെങ്കിൽ ലിയാം ലിവിങ്സ്റ്റൻ എന്നിവരെയാണ്. കൂടാതെ ഋഷഭ് പന്തും സിഎസ്കെയുടെ റഡാറിൽ ഉണ്ട്. മുഹമ്മദ് സിറാജ്, ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ, ജോഫ്ര ആർച്ചർ, അശ്വിൻ/ മഹേഷ് തീക്ഷണ /ചഹൽ എന്നിവരെയാണ് സിഎസ്കെ ലേലത്തിലൂടെ ടാർഗറ്റ് ചെയ്യുന്നത്.
മുംബൈ ഇന്ത്യൻസ്
ഒരൊറ്റ ആർടിഎം കാർഡ് കയ്യിലുള്ള മുംബൈയ്ക്ക് ആ കാർഡിലൂടെ അൺക്യാപ്ഡ് താരത്തെ മാത്രമേ നിലനിർത്താനാവുകയുള്ളു. അൻഷുൽ കാംബോജ്, ആകാശ് മാധ്വൽ എന്നിവരിൽ ഒരാളെയാണ് അവർ ആർടിഎമ്മിലൂടെ പദ്ധതിയിടുന്നത്. ഇഷാൻ കിഷനെ തിരിച്ചെത്തിക്കാനും അവർക്ക് ആഗ്രഹമുണ്ട്. ജോസ് ബട്ട്ലർ, ഡി കോക്ക്, എവിൻ ലൂയിസ്, ചഹൽ, അശ്വിൻ, അഫ്ഘാൻ താരം നൂർ അഹമ്മദ്, വനിദു ഹസരെങ്ക എന്നിവരും അവരുടെ ലിസ്റ്റിലുണ്ട്.
റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു
വിരാട് കോഹ്ലി, യാഷ് ദയാൽ, രജത് പട്ടീദാർ എന്നിവരെ മാത്രം നിലനിർത്തിയ ആർസിബി പ്രധാനമായും ലക്ഷ്യമിടുന്നത് കെഎൽ രാഹുലിനെയാണ്. രാഹുലിനെ ടീമിലെത്തിക്കാനായാൽ അടുത്ത സീസണിൽ രാഹുലായിരിക്കും നായകൻ. അല്ലെങ്കിൽ കോഹ്ലി നായകനാവാനുള്ള സാധ്യതകളുമുണ്ട്. ഗ്ലെൻ മാക്സവെൽ, വിൽ ജാക്സ്, സിറാജ്, എന്നിവരെ ആർടിഎമ്മിലൂടെ അവർ നിലനിർത്താനും സാധ്യതയുണ്ട്. ലിയാം ലിവിങ്സ്റ്റണും അവർ ലക്ഷ്യമിടുന്നവരിൽ പ്രധാനിയാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലവിലെ ചാമ്പ്യന്മാരായ കെകെആറിന് 51 കോടി രൂപ പോക്കറ്റിലുണ്ട്. ആർടിഎം ഇല്ലെങ്കിലും ഫിൽ സാൾട്ടിനെ തിരിച്ചെത്തിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ജോസ് ബട്ട്ലർ, എവിൻ ലൂയിസ്, ജാക് ഫ്രേസർ മഗ്രൂക്ക് എന്നിവരിൽ ഒരാളെ അവർക്ക് ലഭിക്കുകയാണ് എങ്കിൽ സാൾട്ടിനെ അവർ തിരിച്ചെത്തിക്കാനുള്ള സാധ്യത കുറവാണ്. ഋഷഭ് പന്ത്, കെഎൽ രാഹുൽ, ബുവനേശ്വർ കുമാർ, ആവേശ് ഖാൻ, ട്രെന്റ് ബോൾട്ട് എന്നിവർ അവരുടെ പരിഗണയിലുള്ള താരങ്ങളാണ്.
സൺറൈസസ് ഹൈദരാബാദ്
45 കോടിയുമായി ലേലത്തിനെത്തുന്ന ഹൈദരാബാദ് വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്പ് എന്നിവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ബാറ്റിംഗ് നിരയിൽ പ്രധാന താരങ്ങൾ ഉള്ളതിനാൽ ബൗളിംഗ് യൂണിറ്റിലേക്കാണ് ഹൈദരാബാദ് ലക്ഷ്യം വെയ്ക്കുന്നത്. മിഡ്ഓവറുകളും പവർ പ്ലേയും ഡെത്ത് ഓവറുകളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ബൗളർമാരെയാണ് ഹൈദരാബാദ് ലക്ഷ്യം വെയ്ക്കുന്നത്.
ഡൽഹി ക്യാപിറ്റൽസ്
ലിയാം ലിവിങ്സ്റ്റൺ/ മാക്‌സ്‌വെൽ എന്നിവർക്കൊപ്പം മികച്ച വിക്കറ്റ് കീപ്പർ ബാറ്ററെയും ഡൽഹി ലക്ഷ്യമിടുന്നുണ്ട്. ഖലീൽ അഹമ്മദ്, നോക്യ, മുകേഷ് കുമാർ എന്നിവരെ തിരിച്ചെത്തിക്കാനും അവർക്ക് പദ്ധതികളുണ്ട്.
പഞ്ചാബ് കിങ്‌സ്
ഇത്തവണ 110.5 കോടിയെന്ന ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുമായാണ് പഞ്ചാബ് ലേലത്തിന് എത്തുന്നത്. അർശ്ദീപ് സിങ്, റബാഡ, അശുതോഷ് ശർമ എന്നിവരെ ആർടിഎമ്മിലൂടെയും ലേലം വിളിയിലും തിരിച്ചെത്തിക്കാനാണ് അവരുടെ ശ്രമം. ജോസ് ബട്ട്ലർ അല്ലെങ്കിൽ ഫിൽ സാൾട്ട് എന്നിവരിൽ ഒരാളെയും ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നവരിൽ ഒരാളെയും പഞ്ചാബ് നോട്ടമിടുന്നുണ്ട്. വൻ തുകയുള്ളതിനാൽ തന്നെ മികച്ച നീക്കങ്ങൾ നടത്താൻ പഞ്ചാബിന് സാധിക്കും.
ഗുജറാത്ത് ടൈറ്റൻസ്
മുഹമ്മദ് ഷമിയെ ആർടിഎമ്മിലൂടെ തിരിച്ചെത്തിക്കാനാണ് ഗുജറാത്തിന്റെ പ്ലാൻ.റാഷിദ് ഖാനോപ്പം സ്പിൻ ആക്രമണത്തിന് ചാഹലിനെയോ അശ്വിനെയോ എത്തിക്കാനാണ് അവരുടെ നീക്കം. കൂടാതെ മിഡ് ഓർഡറിൽ ഒരു വിദേശ ബാറ്ററേയും ഹർദിക് പാണ്ട്യയ്ക്ക് പകരം മികച്ച ഓൾറൗണ്ടറെയും അവർ ലേലത്തിൽ പദ്ധതിയിടുന്നുണ്ട്.
ലക്‌നൗ സൂപ്പർ ജയൻറ്സ്
രാഹുലിന് പകരം നായക സ്ഥാനത്തേക്കും ലക്നൗ ഒരു സൂപ്പർ താരത്തെ നോട്ടമിടുന്നുണ്ട്. അവശേഷിക്കുന്ന ഒരൊറ്റ ആർടിഎമ്മിലൂടെ മാർക്കസ് സ്റ്റോയിൻസിനെ തിരിച്ചെത്തിക്കാനാണ് അവരുടെ പ്ലാൻ. കൃണാൽ പാണ്ട്യയെയും അവർ തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്.