ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലെ ലീഗ് റൗണ്ട് മത്സരങ്ങൾ അവസാനത്തോട് അടുക്കവേ പ്ലേഓഫ് യോഗ്യത നേടാനുള്ള മത്സരം ആവേശകരമാകുകയാണ്.
ഇതിനകം തന്നെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ച മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവരെ കൂടാതെ നാല് പ്ലേഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കുന്നത് അഞ്ച് ടീമുകളാണ്.
ലീഗ് പോയന്റ് ടേബിളിലേക്ക് നോക്കുകയാണെങ്കിൽ 31 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കേ ഒരു പോയന്റ് മാത്രം മതി പ്ലേഓഫ് ഉറപ്പിക്കാൻ.
31 പോയന്റുമായി നാലാം സ്ഥാനത്തുള്ള ബാംഗ്ലൂരു എഫ്സിക്ക് അവസാന മത്സരത്തിൽ നിന്നും ഒരു പോയന്റ് ലഭിച്ചാൽ പ്ലേഓഫ് കളിക്കാം.
2 മത്സരങ്ങൾ ശേഷിക്കേ 28 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള മോഹൻ ബഗാൻ, 27 പോയന്റുകൾ നേടി യഥാക്രമം അഞ്ചും ആറും സ്ഥാനത്തുള്ള എഫ്സി ഗോവ, ഒഡിഷ എഫ്സി എന്നീ ടീമുകളാണ് പ്ലേഓഫിനു വേണ്ടി പോരാടുന്നത്.
ഈ അഞ്ച് ടീമുകളിൽ നിന്ന് ഒരു ടീം പ്ലേഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പാണ്. വരുന്ന മാച്ച് വീക്കിൽ നിർണായക മത്സരങ്ങൾ അരങ്ങേറുന്നതിനാൽ ഓരോ മത്സരവും ജീവന്മരണ പോരാട്ടമായാണ് ആരാധകർ കാണുന്നത്.