ഖത്തറിൽ വെച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ ഓസ്ട്രേലിയ ദേശീയ ടീമിന് വേണ്ടി ബൂട്ട് കെട്ടിയ ഒരു കിടിലൻ താരത്തിനു വേണ്ടി ഗംഭീര ഓഫർ നൽകി മോഹൻ ബഗാൻ.
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി തങ്ങളുടെ മുന്നേറ്റനിരയിലേക്ക് ഗോളടിച്ചു കൂട്ടുന്ന ഈ ഓസ്ട്രേലിയൻ താരത്തെ കൊണ്ടുവരാനാണ് മോഹൻ ബഗാൻ ശ്രമിക്കുന്നത്.
27 വയസുള്ള ജയിസൺ കമ്മിങ്സ് എന്ന താരത്തിന് വേണ്ടി റിപ്പോർട്ടുകൾ പ്രകാരം 3 കോടി ഇന്ത്യൻ രൂപയാണ് ട്രാൻസ്ഫർ ഫീയായി മോഹൻ ബഗാൻ നൽകാനൊരുങ്ങുന്നത്.
കൂടാതെ സാലറിയായി 5 കോടി രൂപയോളം നൽകാൻ മോഹൻ ബഗാൻ സന്നദ്ധത കാണിച്ചിട്ടുണ്ടെങ്കിലും, 7.5 കോടി രൂപയാണ് സാലറി ഇനത്തിൽ താരം ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
ഈയൊരു ഓഫർ താരം സ്വീകരിക്കുകയാണെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ താരമായി ജെസൺ കമ്മിങ്സ് മാറും.
നിലവിൽ എ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സ് താരമായ കമ്മിങ്സ് 43 കളിയിൽ നിന്നും 26 ഗോളുകളാണ് സ്കോർ ചെയ്തത്. ഈയൊരു താരത്തെ സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞാൽ വരുന്ന ഐഎസ്എലിൽ പുതിയൊരു ഗോൾ മെഷീനെ കൂടി നമുക്ക് കാണാനാവും.