4 ടി20 മത്സരങ്ങൾ അടങ്ങിയ ഇന്ത്യ- സൗത്ത് ആഫ്രിക്ക പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാവുകയാണ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്ന ടി20 പരമ്പരയിൽ മികച്ച സ്ക്വാഡുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ആദ്യ പോരാട്ടം വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 കിങ്‌സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ആദ്യ ടി20യ്ക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം.
ബംഗ്ലാദേശിനെതിരെയുള്ള അവസാന ടി20യിൽ കിടിലൻ സെഞ്ചുറി നേടിയ സഞ്ജു സാംസൺ സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ സീറ്റുറപ്പിച്ച താരമാണ്. സഞ്ജുവിനൊപ്പം അഭിഷേക് ശർമ്മയായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് ജോഡികൾ. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ അഭിഷേകിന് തിളങ്ങാനായില്ല എങ്കിലും ഇന്ത്യൻ ടീം അഭിഷേകിൽ തന്നെ വിശ്വാസം അർപ്പിക്കും.
മൂന്നാം നമ്പറിൽ നായകൻ സൂര്യകുമാർ യാദവും നാലാമനായി തിലക് വർമയും അഞ്ചാമനായി ഹാർദിക്കും ആറാമനായി റിങ്കുവും ഇറങ്ങും. ഏഴാമത് അക്‌സർ പട്ടേലും എട്ടാമനായി വരുൺ ചക്രവർത്തിയും ഇറങ്ങും. അവസാന ടി20 മത്സരങ്ങളിൽ രണ്ട് സ്പെഷ്യൽ പേസർമാരെ ഇറക്കിയ ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ 3 സ്പെഷ്യലിസ്റ്റ് പേസർമാരെ ഇറക്കും. ഫാസ്റ്റ് ബൗളർമാർക്ക് കൂടുതൽ പിന്തുണയുള്ള പിച്ചാണ് കിംഗ്സ്മെഡ്.
സ്പെഷ്യലിസ്റ്റ് സീമർമാരായി അർശ്ദീപ് സിങ്, ആവശ് ഖാൻ, എന്നിവർക്കൊപ്പം വിജയകുമാർ വൈശാഖ് അരങ്ങേറ്റം നടത്താനും സാധ്യതയുണ്ട്. രമൺദീപ് സിങ്, ജിതേഷ് ശർമ്മ, രവി ബിഷ്‌ണോയി, യാഷ് ദയാൽ എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റുതാരങ്ങൾ.
ഇന്ത്യ സാധ്യത ഇലവൻ ഇപ്രകാരം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹർദിക് പാണ്ട്യ, റിങ്കു സിങ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, അർശ്ദീപ് സിങ്, ആവേശ് ഖാൻ, വിജയകുമാർ വൈശാഖ്.