ഐഎസ്എൽ പത്താം സീസൺ പുരോഗമിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നിരവധി താരങ്ങൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നും പ്രകടനം നടത്തുന്നുണ്ട്. എന്നാൽ ചില താരങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് നിരയിൽ അവസരങ്ങൾ കുറവാണ്. അവസരങ്ങൾ കുറവായ താരങ്ങളെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ലോൺ ഡീലിൽ വിടാനുള്ള സാധ്യതകളുണ്ട്. നേരത്തെയും ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങളെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണിൽ അയച്ചിട്ടുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ലോണിൽ അയക്കാൻ സാധ്യതയുള്ള താരങ്ങളെ ഒന്ന് പരിശോധിക്കാം..
- ബിദ്യാസാഗർ സിങ്
കഴിഞ്ഞ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിലുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിൽ വേണ്ടത്ര സമയം ലഭിക്കാത്ത താരമാണ് ബിദ്ധ്യാ. ഇത്തവണയും താരത്തിന് കാര്യമായ പ്ലെയിങ് ടൈം ലഭിച്ചിട്ടില്ല. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ പഞ്ചാബ് എഫ്സിയ്ക്ക് വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നു. എന്നാൽ സമയക്കുറവ് മൂലം ആ ഡീൽ നടന്നിരുന്നില്ല. താരത്തിന് ഇത്തവണയും വലിയ അവസരങ്ങൾ ഇല്ലാത്തതിനാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനോ ലോണിൽ വിട്ട് നൽകാനോ സാധ്യതയുണ്ട്.
- യോഹിൻഭാ മീതെയ്
ബ്ലാസ്റ്റേഴ്‌സ് റിസേർവ് സ്‌ക്വാഡിൽ നിന്നും ഇത്തവണ സീനിയർ സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഈ മധ്യനിര താരത്തിന് ഐഎസ്എല്ലിൽ അവസരം ലഭിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് വലിയ ഭാവി കണക്കാക്കുന്ന താരത്തിന് മത്സര പരിചയം കുറവാണ്. നിലവിൽ ജീക്സൺ സിങ്, ഡാനിഷ് ഫാറൂഖി, വിബിൻ മോഹൻ, ഫ്രഡി, അസ്ഹർ എന്നീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് മധ്യനിരയിൽ ഉണ്ടായിരിക്കെ യോഹിൻഭായ്ക്ക് ഇത്തവണ വലിയ അവസരങ്ങൾ കിട്ടാൻ സാധ്യത കുറവാണ്. അതിനാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാൻ സാധ്യത കൂടുതലാണ്. മത്സര പരിചയത്തിന് വേണ്ടിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണിൽ അയക്കുക. ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പ് മധ്യനിരയിലെ പ്രധാന താരങ്ങൾക്ക് പരിക്കേറ്റാൽ താരത്തെ ലോണിൽ അയക്കാതെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിലനിർത്തിയേക്കും.
- സൗരവ് മൊണ്ടേൽ
ലൂണയും ഡൈസുകിയും വിങ്ങിൽ കളിക്കുന്ന സാഹചര്യത്തിൽ വിങ്ങർമാർക്ക് നിലവിൽ ബ്ലാസ്റ്റേഴ്സിൽ അവസരം കുറവാണ്. നിലവിൽ രാഹുൽ കെപി, ബ്രൈസ് മിറാൻഡ, ഐമൻ, നിഹാൽ സുധീഷ് എന്നീ വിങ്ങർമാർ ബ്ലാസ്റ്റേഴ്സിലുണ്ട്. ഇതിൽ രാഹുൽ കെപി പോലും ആദ്യ ഇലവനിൽ അവസരം കിട്ടാൻ പാടുപെടുകയും മിറാൻഡയും നിഹാൽ സുധീഷും സൈഡ് ബെഞ്ചിൽ ഇരിക്കുന്നതും ഐമന്റെ വളർച്ചയുമൊക്കെ സൗരവിന് ഇനി അവസരം കുറയ്ക്കാൻ കാരണമാകും. അതിനാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ ലോണിൽ അയച്ചേക്കും.
ഹോർമിപാമിന് നിലവിൽ ബ്ലാസ്റ്റേഴ്സിൽ വലിയ അവസരങ്ങൾ ലഭിക്കാറില്ല. ലെസ്‌കോവിച്ചിന്റെ പരിക്കും മിലോസിന്റെ വിലക്കും കാരണമാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ ഹോർമിയ്ക്ക് അവസരം ലഭിച്ചത്. ഇതിൽ മിലൊസ് വിലക്ക് മാറി തിരിച്ചെത്തുന്നതോടെ ഹോർമി വീണ്ടും ബെഞ്ചിലാകും. കഴിഞ്ഞ സീസണിലേത് പോലെ താരത്തിന് ഇത്തവണ അവസരങ്ങൾ ഇല്ലെങ്കിലും താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കില്ല. കാരണം താരത്തെ ലോണിൽ അയച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ ബെഞ്ച് സ്ട്രെങ്തിനെ ബാധിക്കും.