കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ സൈനിങ് നടത്താനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്ത സംഭവമാണ്. ഇന്ത്യൻ താരത്തിനായി പ്രീതം കോട്ടാലിനെ കൈമാറി മോഹൻ ബഗാനിൽ നിന്നും ദീപക് താഗ്രിയെയോ അഭിഷേക് സൂര്യവംശിയെയോ സ്വാപ്പ് ഡീലിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിംഗുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് പുറത്ത് വരികയാണ്.
90ndstoppage ന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയുടെ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാണ്. ബംഗളുരു എഫ്സിയുടെ 25 കാരനായ നംഗ്യാൽ ബൂട്ടിയയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
25 കാരനായ ബൂട്ടിയ സിക്കിമിലെ നിന്നുള്ള താരമാണ്. സെന്ററൽ മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകൾ കൈകാര്യം ചെയ്യുന്ന താരമാണ് ബൂട്ടിയ. ഐഐഎഫ്എഫ് എലൈറ്റ് അക്കാദിമിയിലൂടെ വളർന്ന് വന്ന താരം 2017 മുതൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാണ്. 2019 ൽ ബംഗളുരു എഫ്സിയുടെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയ താരം ഇത് വരെ 19 മത്സരങ്ങൾ ബംഗളുരുവിനായി കളിച്ചിരുന്നു.
ജീക്സൺ സിംഗിനെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ മിഡ്ഫീൽഡർ കൊണ്ട് വരണം എന്നുള്ളത് ആരാധകരുടെ ആവശ്യമായിരുന്നു. ഈ നിലയ്ക്കാണ് ബൂട്ടിയയെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്.
കരാർ ചർച്ചകൾ പൂർത്തിയായിട്ടില്ല എങ്കിലും ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.