കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ച മികച്ച പ്രകടനം സ്ഥിരമായി തുടർന്ന് എല്ലായിപ്പോഴും ഐഎസ്എലിലെ മികച്ച ടീമുകളിൽ ഒന്നാവാനും റാങ്കിങ്ങിൽ മുന്നേറാനും ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ ആശാൻ.
ജംഷഡ്പൂര് എഫ്സിക്കെതിരായ മത്സരത്തിന് മുൻപ് നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഇവാൻ വുകോമനോവിച് സംസാരിക്കുന്നത്, കൂടാതെ അടുത്ത കാലയളവിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം എന്താണെന്നും ഇവാൻ വെളിപ്പെടുത്തി.
“ഞങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്ന സീസണിന്റെ ഭാഗമാണ്, സ്ക്വാഡിലും ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല, മെഡിക്കൽ റിപ്പോർട്ടുകളിലും, ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇതുപോലെ തന്നെ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
“ശാരീരിക നിലവാരം, മാനസിക നില, കളികളിൽ ആവർത്തിക്കാൻ ശ്രമിക്കുന്ന കളിരീതികൾ എന്നിവ വികസിക്കുമ്പോൾ, അത് ഫലം നൽകുമ്പോൾ, ഒരു ടീമെന്ന നിലയിൽ നിങ്ങൾക്ക് ഏത് എതിർപ്പുകളെയും തരണം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ലഭിക്കും. കഠിനമായി കളിക്കാൻ കഴിയും, സ്ഥിരത പുലർത്താൻ കഴിയും. അതാണ് അടുത്ത കാലയളവിലേക്കുള്ള ഞങ്ങളുടെ ലക്ഷ്യം.”
“കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഞങ്ങൾ ഇതുവരെ കളിച്ച അതേ രീതിയിൽ തന്നെ മുന്നോട്ടും തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പോസിറ്റീവ് ഫലങ്ങളും പോയിന്റുകളും നേടാൻ ശ്രമിക്കുന്നു. കാരണം ഞാൻ മുൻപ് പറഞ്ഞതുപോലെ, ഞങ്ങൾ മികച്ച ടീമുകൾക്കൊപ്പം തുടരാനും റാങ്കിങ്ങിൽ മുകളിൽ തുടരാനും ആഗ്രഹിക്കുന്നു.” – ഇവാൻ വുകോമനോവിച് പറഞ്ഞു.
ഇന്ന് രാത്രി 7:30ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്നത്.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :