2023-2024 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ചാണ് തങ്ങളുടെ പ്രീ സീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച് ഇതുവരെ കൊച്ചിയിൽ എത്താത്തതിനാൽ ബ്ലാസ്റ്റേഴ്സ് ടാക്ടിക്കൽ ട്രെയിനിങ് ഉൾപ്പെടെയുള്ളവയിലേക്ക് കടന്നിട്ടില്ല.
വിസ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് ഇവാൻ ആശാൻ കൊച്ചിയിലെത്താൻ വൈകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ വിസ സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നിട്ടുണ്ടെന്നും വാൻ ആശാൻ എപ്പോൾ വേണമെങ്കിലും കൊച്ചിയിൽ എത്താം എന്ന് മാർക്കസിന്റെ അപ്ഡേറ്റ് ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഇവാൻ ആശാൻ കൊച്ചി എയർപോർട്ടിലെത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ഇന്ന് കൊച്ചിയിൽ വെച്ച് ചേരുന്ന ഇവാൻ ആശാൻ ഉടൻതന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം പരിശീലനം ആരംഭിക്കും, അടുത്തമാസം നടക്കുന്ന ഡ്യൂറണ്ട് കപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
മുഖ്യ പരിശീലകനായ ഇവാൻ ആശാൻ എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രധാന പരിശീലനങ്ങളിലേക്ക് കടക്കുകയാണ്, അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് വിദേശ സൈനിംഗ് ഉൾപ്പെടെ നിരവധി സൈനിങ്ങുകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്, ഓഗസ്റ്റ് 31നാണ് ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്.