കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം മുംബൈ സിറ്റി എഫ്സിക്കെതിരായാണ്. നവംബർ മൂന്നിന് രാത്രി 7:30 ന് മുംബൈയുടെ തട്ടകത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കേൽ സ്റ്റാറേയും മുന്നേറ്റ താരം ക്വമെ പെപ്രയും ഇന്നലെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ വാർത്ത കോൺഫറൻസിൽ മുംബൈക്കെതിരായ മത്സരത്തെ പറ്റി സംസാരിച്ച മൈക്കേൽ സ്റ്റാറേ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മടങ്ങിവരവിനെ പറ്റിയും സൂചന നൽകിയിരുന്നു.
പരിക്കേറ്റ യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷിനെ പറ്റിയാണ് സ്റ്റാറേ അപ്‌ഡേറ്റ് നൽകിയത്. സച്ചിൻ പരിക്കിൽ നിന്നും തിരിച്ച് വരികയാണെന്നും അദ്ദേഹം മുംബൈയ്ക്കെതിരായ മത്സരത്തിൽ കളിയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്റ്റാറേ പറഞ്ഞു. അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് രണ്ട് മത്സരങ്ങൾ നമ്മുക്ക് കളിക്കാനുണ്ടെന്നും അവിടെ അദ്ദേഹത്തിന് ടീമിന്റെ ഭാഗമാവാനും സാധിക്കുമെന്നാണ് സ്റ്റാറേ പറഞ്ഞത്.
അന്താരാഷ്ട്ര ഇടവേളയ്ക്ക് വേണ്ടി ഐഎസ്എൽ പിരിയുന്നത് നവംബർ പത്തിനാണ്. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങളുണ്ട്. നവംബർ മൂന്നിന് മുംബൈയ്ക്കെതിരെയും നവംബർ ഏഴിന് ഹൈദരാബാദിനെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒരു മത്സരത്തിൽ സച്ചിന് തിരിച്ച് വരവ് നടത്താനാകുമെന്നാണ് സ്റ്റാറേ നൽകുന്ന സൂചന.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ ഈ സീസണിൽ നിരവധി പിഴവുകൾ വരുത്തിയിരുന്നു. അതിനാൽ സച്ചിന്റെ മടങ്ങിവരവ് എല്ലാ പിഴവുകളും പ്രശ്നങ്ങളും പരിഹരിച്ച് കൊണ്ടായിരിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
അതേ സമയം, നവംബർ 10 ന് അന്താരാഷ്ട്ര ഇടവേളയ്ക്ക് വേണ്ടി പിരിയുന്ന ഐഎസ്എൽ നവംബർ 23 ന് പുനരാരംഭിക്കും.ഇടവേളയ്ക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നവംബർ 24 ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ്.