വ്യക്തിപരമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കേൽ സ്റ്റാറേയോട് ആദരവും സ്നേഹവുമുണ്ട്. അതിനുള്ള പ്രധാന കാരണം സ്റ്റാറേയുടെ ക്ലബ്ബിനോടുള്ള സമീപനവും ഫോർമേഷനുമാണ്. മികച്ച ഫോർമേഷൻ സ്റ്റാറേ ചുരുങ്ങിയ കാലയളവിൽ തന്നെ ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള റിസൾട്ട് വരാത്തതിന്റെ പ്രധാന കാരണം മികച്ച ഇന്ത്യൻ സൈനിങ്ങുകളെ മാനേജമെന്റിന് ടീമിലെത്തിക്കാത്തതാണ്. ഒരു പക്ഷെ ഈ സീസണിൽ റിസൾട്ടുകൾ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമാണ് എങ്കിൽ മാനേജമെന്റിന്റെ ബലിയാട് സ്റ്റാറേ തന്നെയായിരിക്കും.
സൈഡ് ലൈനിൽ അൽപം ദേഷ്യക്കാരനാണ് സ്റ്റാറേയെങ്കിലും ക്ലബിനോടും താരങ്ങളോടുമുള്ള അദ്ദേഹത്തിൻറെ സമീപനം മികച്ചതാണെന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കും. ചില താരങ്ങളുടെ പിഴവുകൾ മൂലം ക്ലബിന് വിലപ്പെട്ട പോയിന്റുകൾ നഷ്ടമായെപ്പോഴും പിഴവ് താരങ്ങൾക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചില്ല എന്ന് മാത്രമല്ല, അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട് സ്റ്റാറേ.
കൂടാതെ മുംബൈയ്ക്കെതിരായ മത്സരത്തിന് മുമ്പ് മുംബൈയുടെ അവസാന മത്സരം കാണാൻ മുംബൈയിലേക്ക് പോയി അവിടുന്ന് പിറ്റേ ദിവസം വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തി ടീമിനെ പരിശീലിപ്പിച്ച വ്യക്തിയാണ് സ്റ്റാറേ എന്നത് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണമാണ്. കൂടാതെ അമിത തള്ളുകൾ ഇല്ലാത്ത പരിശീലകനാണ് അദ്ദേഹം. ഇന്ന് അദ്ദേഹം നടത്തിയ വാർത്ത സമ്മേളനം പരിശോധിച്ചാൽ നമ്മുക്കത് മനസിലാക്കാൻ സാധിക്കും.
മുംബൈ കരുത്തരായ ടീമാണെന്നും അവർക്ക് മികച്ച പരിശീലകനും മികച്ച താരങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞ സ്റ്റാറേ മുംബൈയ്ക്കതിരെ വിജയിക്കണമെങ്കിൽ സീസണിലെ ഏറ്റവും മികച്ച മത്സരം നമ്മൾ കാഴ്ച്ച വെക്കേണ്ടി വരുമെന്നും അദ്ദേഹം ഇന്നത്തെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കൃത്യമായ നിരീക്ഷണത്തോട് കൂടിയുള്ള പ്രസ്താവനയാണ് സ്റ്റാറേ ഇന്ന് നടത്തിയത്. ആരാധാകർക്ക് അമിത ആത്മവിശ്വാസം നൽകാനോ അദ്ദേഹം മുതിർന്നില്ല. അത് ആരാധകരും മനസിലാക്കേണ്ടതുണ്ട്.