കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം പോരാട്ടത്തിന് ഹൈദരാബാദ് എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാത്രി 7:30 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് നില മെച്ചപ്പെടുത്തണമെങ്കിൽ വിജയം അനിവാര്യമാണ്. മത്സരത്തിന് മുന്നോടിയായി ടീമിലെ ചില മാറ്റങ്ങളെ കുറിച്ച് സ്റ്റാറേ ഇന്ന് സൂചിപ്പിക്കുകയുണ്ടായി. സ്റ്റാറേ നൽകി സൂചനകൾ എന്താന്നെന്ന് പരിശോധിക്കാം..
അവസാന രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് 3-4-1-2 എന്ന ഫോർമേഷനിലാണ് കളിച്ചത്. അറ്റാക്കിങ്ങിന് പ്രാധാന്യം ഉണ്ടെങ്കിലും ഈ ഫോർമേഷനിൽ ഡിഫൻസ് ഒരൽപം ബുദ്ധിമുട്ടാണ്. നിലവിൽ ഡിഫൻസിൽ പിഴവുകൾ ഉണ്ടാകുന്ന സാഹച്ചര്യത്തിൽ ‘പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി’ എന്ന് പറയുന്നത് പോലെയാണ് ത്രീ മാൻ ഡിഫൻസ്.ഹൈദരാബാദിനെതിരെ വീണ്ടും ത്രീ മാൻ ഡിഫൻസ് പരീക്ഷിക്കില്ല എന്നാണ് സ്റ്റാറേ നൽകിയ സൂചന. താൻ വീണ്ടും 4 മാൻ ഡിഫൻസിലേക്ക് പോയേക്കാമെന്നാണ് സ്റ്റാറേ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ത്രീ മാൻ ഡിഫൻസ് ഇത്തവണ കരുത്തരായ മോഹൻ ബഗാൻ പോലും ഉപയോഗിക്കാത്ത ഫോർമേഷനാണ്. 3 മാൻ ഡിഫൻസ് കളിക്കണമെങ്കിൽ അത്രയും ദൃഢമായ ഡിഫൻസ് ആവശ്യമാണ്. ബ്ലാസ്റ്റേഴ്‌സ് വീണ്ടും 4 മാൻ ഡിഫൻസിലേക്ക് മടങ്ങുന്നത് എന്ത് കൊണ്ടും മികച്ച നീക്കമാണ്.
അതേ സമയം മീലൊസ് ഡ്രിങ്കിഞ്ചിനെ പുതിയ പൊസിഷൻ പറ്റിയും സ്റ്റാറേ സൂചന നൽകിയിരുന്നു. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം അവസാന രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ അവസാന രണ്ട് മത്സരങ്ങളിലും ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്ത താരം സ്‌ട്രൈക്കറായാണ് കളിച്ചത്.
ഡ്രിങ്കിച്ചിന്റെ പൊസിഷൻ അല്ലെങ്കിൽ കളി ശൈലി മാറുമെന്ന് സ്റ്റാറേ ഇന്നത്തെ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ചിലപ്പോൾ ഒരു ഡിഫൻഡർ എന്ന റോളിന് പുറത്ത് ടീമിന്റെ ആവശ്യാനുസരണം ഡ്രിങ്കിച്ച് ഒരു മുന്നേറ്റ താരമായി ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള സാധ്യതകളുമുണ്ട്.