ലീഗിലെ പത്താം മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ എഫ്സി ഗോവയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ 10 കളികളിൽ ആകെ 11 പോയ്ന്റ്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഈ പോയിന്റ് കൊണ്ടോ ഈ പ്രകടനം കൊണ്ടോ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിന്റെ അടുത്ത് പോലും എത്താനാവില്ല. ഇനിയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്, അതേ പോലെ കഠിനവും. ഡിസംബർ മാസത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഫിക്സറുകൾ അറിയാം.
ഡിസംബറിൽ 4 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഡിസംബറിലെ ആദ്യ മത്സരം ഡിസംബർ ഏഴ് ശനിയാഴ്ച ബംഗളുരു എഫ്സിയുമായിട്ടാണ്. ബംഗളുരുവിന്റെ തട്ടകത്തിൽ രാത്രി 7:30 നാണ് മത്സരം. കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ 3 ഗോളുകൾക്ക് ബംഗളുരുവിനോട് പരാജയപ്പെട്ടിരുന്നു.
ഡിസംബർ 14 ന് മോഹൻ ബഗാനെതിരെയാണ് അടുത്ത മത്സരം. രാത്രി 7:30 ന് കൊൽക്കത്തയിലാണ് പോരാട്ടം. എല്ലാ സീസണിലേത് പോലെ മികച്ച സ്ക്വാഡുമായാണ് മോഹൻ ബഗാൻ ഇത്തവണയും വരുന്നത്.
ഡിസംബർ 22 ന് മൊഹമ്മദൻസ് എസ്സിക്കെതിരെയാണ് ഡിസംബറിലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം പോര്. ഡിസംബറിലെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് താരതമ്യേന കാഠിന്യം കുറഞ്ഞ മത്സരമായി ഇതിനെ കണക്കാക്കാം. നിലവിൽ മോശം ഫോമിലാണ് മൊഹമ്മദൻസ്. പക്ഷെ, ഹൈദരാബാദിനെതിരെ പോലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് മൊഹമ്മദൻസിന്റെ മുന്നിൽ കാലിടറമോ എന്നത് കണ്ടറിയേണ്ടതുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ രാത്രി 7:30 നാണ് മത്സരം.
ഡിസംബർ 29 ന് ജംഷദ്പൂരുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ അവസാനപോരാട്ടം. എവേ മത്സരമാണിത്. ഇതോടെ കൂടി സീസൺ മിഡ്സീസണിലെത്തുകയും ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുകയും ചെയ്യും.