ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനത്തോടെ തുടക്കം കുറിക്കുമ്പോൾ ഈ സീസണിനെയും ഏറെ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ആരാധകരും സ്വീകരിക്കുന്നത്, തങ്ങളുടെ ക്ലബ്ബിന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യൻ ഫുട്ബോൾ സീസണിനെ ബ്ലാസ്റ്റേഴ്‌സ്
സ്വീകരിക്കാൻ ഒരുങ്ങുന്നത്.
നിലവിൽ കൊച്ചിയിലെ തങ്ങളുടെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ച് പരിശീലനം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്തമാസം ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കളിക്കുവാൻ വേണ്ടി കൊൽക്കത്തയിലേക്ക് പറക്കും, അതിനുശേഷം ആയിരിക്കും യുഎഇയിലെ പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് വിമാനം കയറുക.
ഇന്ത്യൻ ഫുട്ബോൾ സീസണിലെ ഇത്തവണത്തെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ വമ്പൻ ടീമുകൾക്കൊപ്പം ആണ് ഇടം നേടിയിട്ടുള്ളത്. ബംഗളൂരു എഫ്സിയും ഗോകുലം കേരളയും ഉൾപ്പടെയുള്ള ക്ലബ്ബുകൾക്ക് ഒപ്പമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ സ്ഥാനം.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ ഫിക്സ്ചറിലേക്ക് പോകുകയാണെങ്കിൽ ആദ്യ മത്സരം ഓഗസ്റ്റ് 13-ന് ഉച്ചക്ക് 2:30ന് സ്വന്തം നാട്ടുകാരായ ഗോകുലം കേരള എഫ്സിക്കെതിരെയാണ് അരങ്ങേറുന്നത്. ശേഷം നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഓഗസ്റ്റ് 18ന് വൈകുന്നേരം 6മണിക്ക് ചിരവൈരികളായ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഓഗസ്റ്റ് 23ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇന്ത്യൻ എയർഫോഴ്സുമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. സെപ്റ്റംബർ 3നാണ് ഡ്യൂറൻഡ് കപ്പിന്റെ ഫൈനൽ പോരാട്ടം അരങ്ങേറുന്നത്. ഗ്രൂപ്പ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.