ഇവാൻ വുകോമനോവിച് എന്ന സെർബിയൻ തന്ത്രജ്ഞന് കീഴിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ സുവർണ്ണകാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബ്.
സീസണിന്റെ തുടക്കത്തിൽ തുടർതോൽവികളുമായി അടിപതറിയെങ്കിലും കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയം ആവർത്തിച്ചാണ് ഇവാൻ വുകോമനോവിച്ചും സംഘവും ജൈത്രയാത്ര നടത്തുന്നത്.ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെയാണ് കൊമ്പൻമാർ തോല്പിച്ചത്.
ഈയൊരു വിജയത്തോടെ തുടർച്ചയായ തങ്ങളുടെ നാലാം ഐഎസ്എൽ വിജയവും നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായ നാല് മത്സരങ്ങൾ ടീം വിജയിക്കുന്നത്. 2014-ൽ ആരംഭിച്ച ഐഎസ്എല്ലിൽ ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് നാല് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ഇവാൻ ആശാൻ ചരിത്രം കുറിച്ചു.
സീസണിൽ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ മൂന്നു തോൽവികളാണ് പിന്നീട് നേരിട്ടത്, എന്നാൽ അതിന് ശേഷം നടന്ന നാല് മത്സരങ്ങളിലും വിജയം മാറോടു ചേർത്തുപിടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലവിൽ പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂർ എഫ്സി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ നാല് ഐഎസ്എൽ മത്സരങ്ങളിൽ പരാജയപ്പെടുത്തിയത്. ലീഗിലെ അടുത്ത മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ബൂട്ട് കെട്ടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫോം തുടരാനാകുമെന്ന് പ്രതീക്ഷയിലാണ്.