അവസാനം കളിച്ച 34 മത്സരങ്ങളിൽ നേടിയത് ഒരൊറ്റ ഗോളും ഒരൊറ്റ അസിസ്റ്റും. അതും ഒരു മുന്നേറ്റ താരം. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും ഇത്തരത്തിലൊരു മോശം കണക്ക് ഒരു താരത്തിനുണ്ടാവുമ്പോൾ ആരാധകരുടെ വിമർശനം സ്വാഭാവികമാണ്.
പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപിയെ പറ്റിയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്ന കെബിഎഫ്സി എക്സ്ട്രാ എന്ന എക്സ് മാധ്യമം പങ്ക് വെച്ച കണക്കിലാണ് രാഹുൽ അവസാനമായി കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളും അസ്സിസും നേടിയിട്ടും 34 മത്സരങ്ങൾ പിന്നിട്ടു എന്ന കണക്ക് പുറത്ത് വിട്ടത്.
എന്നാൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിറയെ അവസരങ്ങൾ ലഭിക്കുന്ന താരം കൂടിയാണ് രാഹുൽ എന്നത് അത്ഭുതമുണ്ടാക്കുന്നു. വേഗതയുള്ള താരം എന്നതാണ് രാഹുലിന്റെ പ്രധാന സവിശേഷത. എന്നാൽ ഈ വേഗത ടീമിന് ഒരു ഗോളോ അസ്സിസ്റ്റോ നേടിക്കൊടുന്നില്ല എങ്കിൽ ഇ വേഗത കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത് എന്ന ചോദ്യം പ്രസക്തമാണ്.
പലപ്പോഴും ടീം നടത്തുന്ന മനോഹരമായ മുന്നേറ്റത്തെ ഇല്ലാതാക്കാനും രാഹുലിന് സാധിക്കുന്നുണ്ട്. കൃത്യതയില്ലാത്ത ക്രോസുകളും ഷോട്ടുകളും രാഹുലിന്റെ ഭാഗത്ത് നിന്ന് പലപ്പോഴും നമ്മൾ കണ്ടതാണ്. എന്നിട്ടും താരത്തിന് അവസരം ലഭിക്കുന്നത് ഞെട്ടിക്കുന്നുണ്ട്.
ടീമിന്റെ ഏറ്റവും പ്രധാനമായ മുന്നേറ്റ നിരയിൽ രാഹുൽ കെപിയെ തന്നെ വീണ്ടും വീണ്ടും ആശ്രയിക്കുന്നതിന്റെ കാര്യമെന്തെന്ന് ഇത് വരെ ആരാധകർക്ക് മനസിലാവുന്നില്ല.