ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നാം റൗണ്ട് മത്സരങ്ങളിലെ അവസാന മത്സരത്തിന്റെയും വിസിൽ ഉയർന്നപ്പോൾ ചെന്നൈയിലെ മറീന അറീന ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആവേശം അലയടിച്ച സമനിലയാണ് ആരാധകർക്ക് സമ്മാനിച്ചത്.
ആദ്യ പകുതിയിൽ മലയാളി താരം സഹൽ അബ്ദുസമദ് നേടുന്ന ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ, രണ്ടാം പകുതിയുടെ തുടക്കത്തിൽ വിൻസി ബാരറ്റോ നേടുന്ന ഗോളിൽ ചെന്നൈയിൻ എഫ്സി സമനിലയിൽ പിടിക്കുകയായിരുന്നു.
തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ വിജയകൊടി പാറിച്ച് വരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സീസണിലെ ആദ്യ ഐഎസ്എൽ സമനിലയായിരുന്നു ഇത്, ഈ മത്സരം സമനിലയിലായതോടെ നാണക്കേടിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നത്.
ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയമായ മറീന അറീനയിൽ ഇതുവരെ അവരെ തോൽപ്പിച്ചിട്ടില്ല എന്ന മോശം റെക്കോർഡാണ് ബ്ലാസ്റ്റേഴ്സിനു തകർക്കാൻ കഴിയാതെ പോയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 7 മത്സരങ്ങൾ മറീന അറീന സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കളിച്ചപ്പോൾ മൂന്നു തോൽവിയും നാല് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്.
എന്തായാലും നിലവിൽ പോയന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പ്ലേ ഓഫ് സാധ്യതകൾ നേരത്തെ ഉറപ്പിക്കുവാൻ ഇനിയുള്ള മത്സരങ്ങൾ അനിവാര്യമാണ്, ചെന്നൈയിൻ എഫ്സിയാകട്ടെ ഏഴാം സ്ഥാനത്താണെങ്കിലും പോയന്റുകളുടെ കാര്യത്തിൽ ഒരല്പം വേഗത കൂട്ടിയാൽ മാത്രമേ പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ മുൻ ഐഎസ്എൽ ചാമ്പ്യൻമാർക്ക് കഴിയുള്ളൂ.