സഹൽ അബ്ദുൽ സമദിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാന് വിൽക്കുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തതകൾ പുറത്ത് വന്നിരുന്നു. 2.5 കോടി രൂപയുടെ ട്രാന്‍സ്ഫര്‍ ഫീ വാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാന് കൈമാറിയെന്ന വിശ്വാസയോഗ്യമായ റിപോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.
സഹലിനെ കൈ മാറിയതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ സമ്മിശ്ര അഭിപ്രായമുണ്ട്. അഭിപ്രായങ്ങൾ എന്ത് തന്നെയായായലും സഹൽ ഇനി ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ല. സഹലിന് പകരം ചിലപ്പോൾ പുതിയ താരങ്ങളെ വാർത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞേക്കും. പക്ഷെ സഹലിനെ വിറ്റതിലൂടെ ബ്ലാസ്റ്റേഴ്സിന് ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത 2 കാര്യങ്ങൾ കൂടിയുണ്ട്.
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ സ്വാധീനമുള്ള താരമാണ് സഹൽ. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ജേഴ്സികളിൽ ഒന്ന് സഹലിന്റെതാണ്. കേരളത്തിലും ഗള്‍ഫിലും അടക്കം വലിയ ആരാധകപിന്തുണയുള്ള താരമാണ് സഹല്‍. ആ സഹലിനെ കൈ വിടുന്നതിലൂലൂടെ ആരാധകരിൽ ചെറിയ പങ്കും ബ്ലാസ്റ്റേഴ്സിനെയും കൈ വിടാൻ സാധ്യതയുണ്ട്.
ബ്ലാസ്റ്റേഴ്‌സ് കുറച്ച് വർഷങ്ങൾ കൂടി കാത്തിരുന്നെങ്കിൽ ഇന്ന് വിറ്റതിലും ഉയർന്ന തുകയ്ക്ക് സഹലിനെ വിൽക്കാമായിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. സഹലിനായി സൗദിയില്‍ നിന്ന് പ്രാരംഭ ഓഫർ വന്നതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപോർട്ടുകൾ വന്നിരുന്നു. ഭാവിയിലും സഹലിന് വേണ്ടി സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം ഒരു ഇന്ത്യൻ താരം അവരുടെ ക്ലബ്ബിൽ എത്തുന്നതിലൂടെ ഇന്ത്യൻ മാർക്കറ്റിലും ചുവടുറപ്പിക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ നിന്നൊരു താരം.
ഭാവിയിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ സഹലിനായി വന്നാൽ ഇന്ന് വാങ്ങിയതിന്റെ മൂന്നിരട്ടി ലാഭം ബ്ലാസ്റ്റേഴ്സിന് ഉണ്ടാക്കാമായിരുന്നു. എന്നാൽ താരത്തെ മോഹൻ ബഗാന് കൈമാറിയതിലൂടെ മൂന്നിരട്ടി ലാഭം നേടാനുള്ള അവസരം ഇപ്പോൾ മോഹൻ ബഗാന് കൈ വന്നിരിക്കുകയാണ്.