ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മിഡ്‌ഫീൽഡിലെ പ്രധാന താരമായിരുന്ന പ്യൂട്ടിയ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം വിടുന്നത്.
പൊന്നും വില കൊടുത്ത് സൂപ്പർ താരത്തിനെ വാങ്ങിയ മോഹൻ ബഗാൻ പ്യൂട്ടിയയെ പിന്നീട് ബെഞ്ചിലിരുത്തി. സ്ഥിരം ബെഞ്ചിലിരുന്ന് കളി കാണുന്ന പ്യൂട്ടിയ ബ്ലാസ്റ്റേഴ്സിൽ കളിച്ച മികച്ച താരത്തിൽ നിന്നും പിന്നീട് ചിത്രത്തിൽ ഇല്ലാതായി മാറുന്ന കാഴ്ച.
എന്തായാലും 25-കാരനായ താരം തനിക് മോഹൻ ബഗാനിൽ കളിക്കാൻ അവസരം ലഭിക്കാത്തതിനാൽ ടീം വിടുകയാണ്. ഒഡിഷ എഫ്സിക്ക് സൂപ്പർ താരത്തിനെ മൂന്നു വർഷത്തെ കരാറിൽ വിൽക്കാൻ മോഹൻ ബഗാനും ഒഡിഷയും തമ്മിൽ ധാരണയിലെത്തി.
പ്യൂട്ടിയയൂടെ ട്രാൻസ്ഫർ ഫീ സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് വേണ്ടി വമ്പൻ നീക്കങ്ങളാണ് ഒഡിഷ നടത്തുന്നത്. റോയ് കൃഷ്ണ, അഹ്‌മദ് ജാഹു, മുർതദ ഫാൾ തുടങ്ങി വമ്പൻ താരനിരയാണ് ഒഡിഷ ജേഴ്സിയിൽ ഇനി അണിനിരക്കുക.