ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഇന്നത്തെ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ബൂട്ട് കെട്ടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തോൽവി. തിരിച്ചുവരവ് പ്രതീക്ഷകൾ നൽകിയതിനുശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുന്നത്.
മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ്ക്കെതിരെ ഒരു ഗോൾ ലീഡിലാണ് ഹോം ടീം പിരിഞ്ഞത്. തുടർന്ന് രണ്ടാം പകുതിയിൽ തങ്ങളുടെ ലീഡ് രണ്ടായി ഉയർത്തിയ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു.
മുന്നേറ്റ നിരയിലെ വിദേശ താരങ്ങളായ ജീസസ് ജിമിനസ്, പെപ്ര എന്നിവരുടെ ഗോളുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടുഗോൾ തിരിച്ചടിച്ചത്. എന്നാൽ പെപ്ര റെഡ് കാർഡ് വാങ്ങി പുറത്തു പോയതോടെ 10 പേരിലേക്ക് ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ മുംബൈ സിറ്റി വീണ്ടും രണ്ടുതവണ നിറയൊഴിച്ചു.
മൂന്ന് പെനാൽറ്റികൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി വിജയം നേടിയത്. മത്സരം പരാജയപ്പെട്ടതോടെ ഏഴ് മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റുകളുള്ള കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ നിന്നും ഒമ്പതു പോയിന്റുകൾ സ്വന്തമാക്കിയ മുംബൈ സിറ്റി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.