ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് മുൻപായി ടീമിൽ നിന്നും ആവശ്യമില്ലാത്ത താരങ്ങളെ വിൽക്കുകയും വേണ്ട താരങ്ങളെ സൈൻ ചെയ്ത് ടീമിലെത്തിക്കുകയും ചെയുന്നതിന്റെ തിരക്കിലാണ് ഐഎസ്എൽ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.
നായകൻ ജെസൽ ടീം വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീം വിടുന്ന താരങ്ങൾക്ക് പകരം മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. മോഹൻ ബഗാൻ താരം സുബാഷിഷ് ബോസ്, എഫ്സി ഗോവ താരം ഐബൻ ഡോഹ്ലിംഗ് എന്നിവരാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരങ്ങൾ.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം നിഷു കുമാർ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിലേതുമെന്ന് റിപ്പോർട്ടുകളുണ്ട്. 2024 വരെയുള്ള കരാറിൽ ഒപ്പ് വെച്ച നിഷു കുമാറിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കും.
എന്തായാലും നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതകൾ തള്ളികളയാനാകില്ല. കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ഇന്ത്യൻ സൈനിങ്ങുകൾക്ക് അനുസൃതമായിട്ടായിരിക്കും നിഷു കുമാറിന്റെ ഭാവി കണക്കാക്കപ്പെടുക.
അതുപോലെതന്നെയാണ് മോഹൻ ബഗാനിൽ സുബാഷിഷ് ബോസ്സിന്റെ ഭാവിയും. പ്രധാനമായും ഹൈദരാബാദ് എഫ്സി താരം ആകാശ് മിശ്രയുടെ സൈനിങ്ങിന് അനുസരിച്ചായിരിക്കും സുബാഷിഷ് ബോസ്സിന്റെ ഭാവി നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാർ തീരുമാനിക്കുക.