വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ കൊച്ചിയിൽ വച്ച് പ്രീ സീസൺ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്, ഈ മാസം നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന് വേണ്ടിയും ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.
ബാംഗ്ലൂര് എഫ്സി, ഗോകുലം കേരള തുടങ്ങിയവർ ഉൾപ്പെട്ട ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത്. എന്തായാലും ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് ഉടൻതന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരമായ വിപിൻ മോഹനൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിനോടൊപ്പം ചേർന്ന വിവരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി അറിയിച്ചിട്ടുണ്ട്. ഒരു മാസത്തോളമായി ഗ്രീക്ക് ലീഗിൽ കളിക്കുന്ന ക്ലബ്ബിനൊപ്പം ആയിരുന്നു വിപിൻ മോഹനന്റെ പരിശീലനം.
ഒഎഫ്ഐ ക്രീറ്റ ക്ലബ്ബിനൊപ്പം ആയിരുന്നു കഴിഞ്ഞ ഒരു മാസം വിപിൻ മോഹനൻ വിദേശ പരിശീലനം നടത്തിയത്. യുവ താരങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മലയാളി യുവതാരത്തിനെ വിദേശത്തേക്ക് പരിശീലനത്തിന് വേണ്ടി അയച്ചത്.
എന്തായാലും വിദേശ പരിശീലനം കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനൊപ്പം ചേർന്ന വിപിൻ മോഹൻ ഈ സീസണിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കാഴ്ചവെക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.