ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ പ്രീ സീസൺ പരിശീലനം കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. പുതിയ താരങ്ങളുമായി പുതിയ സീസണിൽ കപ്പ് നേടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷകളുമായാണ് പുതിയ ഐഎസ്എൽ സീസണിനെ സമീപിക്കുന്നത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പുതിയ സീസണിനെ വരവേൽക്കാൻ ആവേശത്തോടെ ഒരുങ്ങുമ്പോഴും തങ്ങളുടെ പഴയ താരത്തിനെ കുറിച്ചുള്ള വാർത്തകൾ ഏറെ നിരാശാജനകമായാണ് ആരാധകർ കേൾക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുള്ള നിലവിൽ ബാംഗ്ലൂർ എഫ്സിയുടെ താരമായ 30 വയസ്സുകാരൻ സിംബോയ് ഹാവോകിപ്പിന്റെ വീട് മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഫലമായി കലാപകാരികൾ തകർത്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു താരമായിരുന്നു ഹവോകിപ്.
ഏറെ വേദനാജനകമായ വാർത്തകളാണ് മണിപ്പൂർ കലാപത്തിൽ നിന്നും പുറത്തുവരുന്നത്, ഇന്ത്യയിലെ കായിക മേഖലകളിൽ ഉൾപ്പെട്ട നിരവധി പേര് ഇതിന്റെ ഇരകളായി തീർന്നിട്ടുണ്ട്. എന്നാൽ ഇതിനെതിരെ നടപടികൾ എടുക്കാൻ ഇതുവരെയും ഇന്ത്യ ഭരിക്കുന്ന കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. നിരവധി ഫുട്ബോൾ താരങ്ങളും കായിക താരങ്ങളും ആണ് ഈ ഒരു സംഭവത്തിനെതിരെയും സർക്കാറിനെതിരെയുമായി ഇപ്പോൾ രംഗത്തെത്തുന്നത്.