കേരളാ ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച സീസണിലെ എട്ടാം മത്സരത്തിൽ ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുകയാണ്. കൊച്ചിയിൽ രാത്രി 7: 30 നാണ് പോരാട്ടം. തുടർ തോൽവിയും മോശം പ്രകടനവുമെല്ലാം ആരാധകരെ നിരാശയിലാക്കുന്ന സമയത്താണ് ബ്ലാസ്റ്റേഴ്‌സ് നിര്ണായകമായ എട്ടാം പോരിന് ഇറങ്ങുന്നത്. എന്നാൽ എട്ടാം പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ അത്ര ശുഭകരമായ വാർത്തകളല്ല മാനേജ്‌മെന്റിന് ലഭിക്കുന്നത്.
ടിക്കറ്റ് വിൽപ്പനയിലെ മന്ദഗതി തന്നെയാണ് മാനേജ്‌മെന്റിന് വെല്ലുവിളിയാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റിനെ പറ്റിയുള്ള പോസ്റ്റ് പങ്ക് വെച്ചത്. സാധാരണഗതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സര ടിക്കറ്റുകളിൽ ഭൂരിഭാഗവും മണിക്കൂറുകൾ കൊണ്ട് വിറ്റ് തീരാറുണ്ട്. ചിലപ്പോൾ മിനുട്ടുകൾ കൊണ്ടും. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല..
ടിക്കറ്റിനെ പറ്റിയുള്ള ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റ് പ്രസിദ്ധീകരിച്ച് ഏഴ് മണിക്കൂറുകൾ പിന്നിടുമ്പോൾ, കൃത്യമായി പറഞ്ഞാൽ ബുധനാഴ്ച അർദ്ധരാതി 1 മണിക്കുള്ള അപ്‌ഡേറ്റ് പ്രകാരം ഓൺലൈൻ ടിക്കറ്റ് വില്പനയിൽ മന്ദഗതിയുള്ളതായി കാണാൻ സാധിക്കും. വലിയ തോതിലുള്ള ടിക്കറ്റുകൾ ഇപ്പോഴും വിറ്റ് തീർന്നിട്ടില്ല.
മത്സരത്തിന് ഇനിയും മണിക്കൂറുകൾ ബാക്കിയുള്ളതിനാലും ഓഫ്‌ലൈൻ ടിക്കറ്റുകൾ അവൈലബിൾ ആയതിനാലും ബുധനാഴ്ചയും വ്യാഴാഴ്ചയും ടിക്കറ്റ് വിൽപന എങ്ങനെയിരിക്കും എന്നുള്ളത് പറയാൻ പറ്റില്ല.ഇനിയുള്ള മണിക്കൂറുകളിൽ ടിക്കറ്റുകൾ പരമാവധി വിറ്റ് തീർത്താലും ഇല്ലെങ്കിലും സാധാരണഗതിയിൽ ടിക്കറ്റ് വിൽപനയിൽ ഇന്നലെ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.
മോശം പ്രകടനത്തെ തുടർന്ന് മത്സരം ബഹിഷ്കരിക്കുമെന്ന് ചില ആരാധകർ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പങ്ക് വെച്ചിരുന്നു. ഈ ബഹിഷ്കരണാഹ്വാനമാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.