സോം കുമാർ എന്ന 19 കാരൻ ഗോൾ കീപ്പർക്ക് വലിയ വിമർശനം ഉയരുന്നുണ്ട്. സച്ചിൻ സുരേഷിന്റെ അഭാവത്തിൽ 3 മത്സരങ്ങൾ കളിച്ച സോം കുമാറിന് സംഭവിച്ച പിഴവുകളും ആത്മവിശ്വാസക്കുറവാണ് താരത്തിനെതിരെ വിമർശനം ഉയരുന്നത്. താരത്തിന് ആകെ 19 വയസ്സ് മാത്രമല്ലേ പ്രായമുള്ളത്, അത് കൊണ്ട് താരത്തെ വലിയ രീതിയിൽ വിമർശിക്കരുതെന്ന് ചില ആരാധകർ അഭിപ്രായപ്പെടുന്നെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിൽ കളിക്കുമ്പോൾ അത് ലക്ഷകണക്കിന് ആരാധകരുള്ള ഒരു ക്ലബ്ബിനെ കൂടിയാണ് പ്രതിനിധികരിക്കുന്നത് എന്നതിനാൽ സോം കുമാറിനെതിരെ വിമർശനം ഉയർത്തുന്നവരെ തെറ്റ് പറയാനാവില്ല. എന്നാൽ സോം കുമാറിന് വിമർശനം കേൾപ്പിക്കാനുള്ള പ്രധാന കാരണം കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്.
കേവലം 19 വയസ്സ് മാത്രം പ്രായമുള്ള താരമാണ് സോം. താരം കളിക്കുന്ന ആദ്യ സീനിയർ ക്ലബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇതിന് മുമ്പ് താരം കളിച്ചത് യൂത്ത് ടീമുകൾക്ക് വേണ്ടി മാത്രമാണ്. ഇത്തരത്തിൽ യൂത്ത് ടീമിൽ മാത്രം കളിച്ച് പരിചയമുള്ള ഒരു താരത്തിന് സീനിയർ ടീമിലേക്ക് പ്രവേശനം നൽകിയതിൽ ബ്ലാസ്റ്റേഴ്സിനാണ് പിഴവ് സംഭവിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ കളിപ്പിച്ച് സീനിയർ ടീമിലേക്ക് പതിയെ പ്രൊമോട്ട് ചെയ്യേണ്ട താരമായിരുന്നു സോം. എന്നാൽ തനിക്ക് പൊക്കാവുന്നതിൽ കൂടുതൽ ഭാരം നൽകി താരത്തിന് ഇത്രയും വിമർശനം കേൾപ്പിക്കാൻ കാരണം ബ്ലാസ്റ്റേഴ്‌സ് നടത്തിയ തെറ്റായ നീക്കമാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ലക്ഷകണക്കിന് ആരാധകരുള്ള ക്ലബാണ്. ജോലിയും കൂലിയും മുടക്കി ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ എത്തുന്നവരുണ്ട്. ആ ആരാധകർക്ക് മുന്നിൽ സോം കുമാറിന് കളിച്ച് പയറ്റാനും മത്സര പരിചയം ഉണ്ടാക്കിയെടുക്കാനുമല്ലായിരുന്നു ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കേണ്ടിയിരുന്നത്.
കളിച്ച് പരിചയം നേടിയതിന് ശേഷമായിരുന്നു സോമിന് ബ്ലാസ്റ്റേഴ്‌സ് അവസരം നൽകേണ്ടിയിരുന്നത്. അല്ലാതെ കളി പഠിക്കാനുള്ള വേദിയായല്ല കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിനെ ടീം കാണേണ്ടിയിരുന്നത്.