ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മാസം അരങ്ങേറുകയാണ്, പുതിയ സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിലും തങ്ങളുടെതായ സൈനിങ്ങുകൾ നടത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.
അതേസമയം ഇത്തവണത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ ഗിൽ, സഹൽ പോലെയുള്ള സൂപ്പർതാരങ്ങളെ നഷ്ടപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഹോർമിപാമിനെയും വിൽക്കാൻ തയ്യാറായിരുന്നു, എന്നാൽ ചർച്ചകൾ അവസാനം പരാജയപ്പെട്ടതോടെയാണ് ഹോർമിപാം ബ്ലാസ്റ്റേഴ്സിൽ തുടർന്നേക്കുമെന്ന് പ്രതീക്ഷിച്ചത്.
എന്നാൽ ഹോർമിപാമിന്റെ ഭാവി കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ സൈനിങ്ങ് ആയി മോഹൻ ബഗാൻ നായകൻ പ്രീതം കോട്ടാൽ ഡിഫൻസിലേക്ക് വന്നതോടെ ഹോർമിപമിന്റെ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്.
22 വയസ്സുകാരനായ താരത്തിനെ സ്വന്തമാക്കാൻ ഒരു ക്ലബ്ബ് നിലവിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ, എന്നാൽ താരത്തിനു വേണ്ടിയുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ താരം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.