ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങൾ അവസാനിച്ച് കഴിയുമ്പോൾ പിന്നീട് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്നത് കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിലേക്കാണ്.
എഎഫ്സി കപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത സൂപ്പർ കപ്പ് വഴി ലഭിക്കുന്നതിനാൽ ശക്തമായി തങ്ങൾ പോരാട്ടം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ ഇതിനകം പറഞ്ഞു കഴിഞ്ഞു.
സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ട്രോഫി നേടികൊണ്ട് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ മേജർ കിരീടം എന്ന ചരിത്രനേട്ടം സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമിക്കുന്നത്.
എന്തായാലും ഹീറോ സൂപ്പർ കപ്പ് ജേതാക്കളാകുന്ന ക്ലബ്ബിന് കഴിഞ്ഞ തവണ ഐ ലീഗ് കിരീടമുയർത്തിയ ഗോകുലം കേരള എഫ്സിയുമായി ഒരു മത്സരം കളിച്ചുകൊണ്ട്, അതിൽ വിജയിക്കുന്നവർക്ക് എഎഫ്സി കപ്പ് യോഗ്യത നേടാം.
ഏഷ്യയിലെ ഒരുപിടി മികച്ച ക്ലബ്ബുകൾ കളിക്കുന്ന എഎഫ്സി കപ്പിൽ കളിക്കാനുള്ള അവസരമാണ് ഇന്ത്യൻ ക്ലബ്ബുകൾക്ക് മുന്നിൽ ഇപ്പോൾ തുറന്നുകിടക്കുന്നത്. ഗോകുലം കേരള എഫ്സി സൂപ്പർ കപ്പ് ജേതാക്കളായാൽ ടീം നേരിട്ട് എഎഫ്സി കപ്പ് യോഗ്യത നേടും.